സൗദിയിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പുതിയ നിർദ്ദേശവുമായി ഗതാഗത വകുപ്പ്
|നിയമം പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു
റിയാദ്: സൗദിയിലെ സ്‌കൂൾ ബസ് ഡ്രൈവർമാർക്ക് പുതിയ നിർദ്ദേശവുമായി ഗതാഗത വകുപ്പ്. വിദ്യാർത്ഥികൾ വീട്ടിലോ സ്‌കൂളിലോ കയറി എന്നുറപ്പാക്കാതെ സ്‌കൂൾ ബസ് പോവരുതെന്നാണ് നിർദ്ദേശം. നിയമം പാലിക്കാത്തവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു. ബസ് മുന്നോട്ടെടുക്കും മുൻപ് ഡോറുകൾ അടഞ്ഞിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
വാഹനം പൂർണമായും നിശ്ചലമായതിന് ശേഷമേ ഡോറുകൾ തുറക്കാവു. എല്ലാ ദിവസവും ബസിന്റെ സുരക്ഷാ പരിശോധന ഡ്രൈവർ പൂർത്തിയാക്കണമെന്നും ഓർമപ്പെടുത്തി. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാനോ, ഭക്ഷണം കഴിക്കാനോ പാടില്ല. ജോലി സമയത്ത് വൃത്തിയായും മാന്യമായും യൂണിഫോം ധരിക്കണമെന്നും ഗതാഗത വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ വേണ്ട പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഡ്രൈവർമാർക്ക് കുറഞ്ഞത് 25 വയസ്സെങ്കിലും പ്രായമുണ്ടായിരിക്കണം.
വിദ്യാർത്ഥികളെ കൊണ്ട് പോകുന്ന വാഹനങ്ങളിൽ സുരക്ഷാ ഉപകരണങ്ങളും, ട്രാക്കിംഗ് ഉപകരണങ്ങളും, ക്യാമറകളും നിർബന്ധമാണെന്നും കഴിഞ്ഞ ദിവസം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. ഡ്രൈവർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ്, അംഗീകൃത പ്രഥമശുശ്രൂഷ കോഴ്സ് സർട്ടിഫിക്കറ്റ്, അതോറിറ്റിയുടെ മെഡിക്കൽ പരിശോധനയിൽ വിജയിച്ച സർട്ടിഫിക്കറ്റ്. എന്നിവ നേടിയവർക്ക് മാത്രമായിരിക്കും സ്‌കൂൾ ബസ് ഡ്രൈവർമാരായി ജോലി ചെയ്യാൻ സാധിക്കുക. വേനലവധിക്ക് ശേഷം സൗദി സ്‌കൂളുകൾ ഇന്ന് തുറന്നിരുന്നു. അറുപതു ലക്ഷത്തിലേറെ വിദ്യാർത്ഥികളാണ് സൗദി സ്‌കൂളുകളിൽ മടങ്ങി എത്തുന്നത്. സെപ്റ്റംബർ ഒന്നിനാണ് ഇന്ത്യൻ സ്‌കൂളുകൾ തുറക്കുക.