Saudi Arabia
സൗദിയിലെത്തുന്ന വിദേശ ട്രക്കുകള്‍ നിയമങ്ങള്‍ തെറ്റിക്കുന്നതിനെതിരേ ഗതാഗത വകുപ്പ്
Saudi Arabia

സൗദിയിലെത്തുന്ന വിദേശ ട്രക്കുകള്‍ നിയമങ്ങള്‍ തെറ്റിക്കുന്നതിനെതിരേ ഗതാഗത വകുപ്പ്

Web Desk
|
3 Jan 2022 6:43 AM GMT

പ്രാദേശിക ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ വിദേശ ട്രക്കുകളും ബാധ്യസ്ഥരാണ്

സൗദിയിലൂടെ കടന്നു പോകുന്ന വിദേശ ട്രക്കുകള്‍ നിയമങ്ങള്‍ തെറ്റിക്കുന്നതിനെതിരേ മുന്നറിയിപ്പുമായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വക്താവ് സലേഹ് അല്‍-സുവൈദ് രംഗത്ത് വന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ രാജ്യത്തെ ട്രക്ക് ഗതാഗത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം പ്രാദേശിക ഗതാഗതത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വ്യവസ്ഥകളും പാലിക്കാന്‍ വിദേശ ട്രക്കുകളും ബാധ്യസ്ഥരാണ്. ഓരോ ട്രക്കിനും ഇലക്ട്രോണിക് ട്രാന്‍സ്‌പോര്‍ട്ട് ഡോക്യുമെന്റ് ആവശ്യമാണ്. ഗതാഗത പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, ചരക്ക് നീക്കവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും രാജ്യത്തേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫാക്ടറികള്‍, ഇറക്കുമതിക്കമ്പനികള്‍, വ്യാപാരികള്‍, സ്ഥാപനങ്ങള്‍ എന്നിവരെല്ലാം പ്രാദേശിക ട്രാന്‍പോര്‍ട്ട് കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടണം. ഇതിലൂടെ പിഴ അടയ്ക്കാതെ ട്രക്ക് ഡ്രൈവര്‍മാര്‍ രാജ്യാതിര്‍ത്തി കടക്കുന്നത് തടയാനാവുമെന്നും അദ്ദേഹം പഞ്ഞു.

പ്രാദേശിക ഗതാഗതനിയന്ത്രണങ്ങള്‍ വിദേശ ട്രക്കുകളിലും പ്രയോഗിക്കുന്നതിലൂടെ ചരക്ക് ഗതാഗത സുരക്ഷാ ഘടകങ്ങളെ ശക്തിപ്പെടുത്താനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Similar Posts