Saudi Arabia
റിയാദിലെ പ്രധാന റോഡുകളുടെ വികസനം: മുവ്വായിരം കോടി റിയാൽ അനുവദിച്ച് റിയാദ് റോയൽ കമ്മീഷൻ
Saudi Arabia

റിയാദിലെ പ്രധാന റോഡുകളുടെ വികസനം: മുവ്വായിരം കോടി റിയാൽ അനുവദിച്ച് റിയാദ് റോയൽ കമ്മീഷൻ

Web Desk
|
16 Aug 2024 1:22 PM GMT

എക്‌സ്‌പോ 2030ന് മുന്നോടിയായി വികസനം പൂർത്തിയാക്കും

റിയാദ്: റിയാദിലെ പ്രധാന റോഡുകളുടെ വികസത്തിനായി മുവ്വായിരം കോടി റിയാൽ അനുവദിച്ചു. പുതിയ ഒരു റോഡുൾപ്പെടെ നാല് പ്രധാന റോഡുകളുടെ വികസനം പദ്ധതി വഴി പൂർത്തിയാക്കും. എക്‌സ്‌പോക്ക് മുന്നോടിയായി നാലു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ് നിർദേശം. റിയാദ് റോയൽ കമ്മീഷന് കീഴിലാണ് പദ്ധതി.

2028 വരെ നീളുന്ന വികസന പദ്ധതികളാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. നാല് പ്രധാന റോഡുകളാണ് വികസിപ്പിക്കുന്നത്. റിയാദിലെ സെകന്റ് സതേൺ റിങ് റോഡാണ് ഒന്നാമത്തേത്. 56 കി.മീ ദൈർഘ്യമുള്ള ഈ റോഡ് റിയാദിലെ ന്യൂ ഖർജ് റോഡ് മുതൽ ജിദ്ദ റോഡിലേക്ക് ചേരുന്നതാണ്. നാലു വരിവീതം ഇരു ദിശകളിലേക്കും ഈ റോഡ് വികസിപ്പിക്കും. ഈ പാതയിലെ പത്ത് ജങ്ഷനുകളും 32 പാലങ്ങളും പുതുക്കും. റിയാദിലെ പ്രസിദ്ധമായ വാദി ലബൻ തൂക്കുപാലത്തിന്റെ വികസനമാണ് രണ്ടാമത്തേത്. നാലു കി.മീ ദൈർഘ്യത്തിലാണ് ഈ റോഡ് വികസിപ്പിക്കുന്നത്. നിലവിലുള്ള പാലത്തിന് സമാന്തരമായ രണ്ട് പുതിയ പാലങ്ങൾ ഇരു വശത്തുമായി വരും. ഇതിന്റെ മാസ്റ്റർ പ്ലാനും കഴിഞ്ഞ ദിവസം പുറത്ത് വിട്ടുരുന്നു.

തുമാമ റോഡിന്റെ വികസനമാണ് മൂന്നാമത്തേത്. ആറ് കി.മീ ദൈർഘ്യത്തിലാണ് വികസനം. കിങ് ഖാലിദ് റോഡ് റോഡ് മുതൽ മലിക് ഫഹദ് റോഡ് വരെ നീണ്ടു നിൽക്കുന്നതാകും ഈ പാത. ഖിദ്ദിയ്യ പദ്ധതി പ്രദേശത്തേക്കുള്ളതാണ് നാലാമത്തെ റോഡ്. ലബൻ ഡിസ്ട്രിക്ടിലെ ത്വാഇഫ് റോഡ് മുതൽ ഖിദ്ദിയ്യ വരെ നീളുന്നതാകും ഈ പാത. പതിനാറ് കി.മീ ദൈർഘ്യത്തിലാണ് ഇതിന്റെ നിർമാണം. എക്‌സ്‌പോ രണ്ടായിരത്തി മുപ്പതിന് മുന്നോടിയായി സൗദിയിലെ മുഴുവൻ റോഡുകളും വികസിപ്പിക്കാനാണ് സൗദി കിരിടാവകാശിയുടെ നിർദേശം. റിങ് റോഡുകളുടെ വികസനത്തിനും നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നു. റോഡുകൾ വികസിപ്പിക്കുന്ന രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും ഉടനുണ്ടാകും.

Similar Posts