ത്വാഇഫിന്റെ മുഖം മാറും: എഴുന്നൂറ് മില്യൺ റിയാലിന്റെ വികസന പദ്ധതികൾ നടപ്പാക്കുന്നു
|ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പദ്ധതി വെളിപ്പെടുത്തിയത്
സൗദിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ത്വാഇഫ്. എഴുന്നൂറ് ദശലക്ഷം റിയാലിന്റെ ടൂറിസം പദ്ധതികളാണ് ത്വാഇഫിൽ നടപ്പാക്കുന്നത്. ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് പദ്ധതി വെളിപ്പെടുത്തിയത്. സൗദി സമ്മർ പ്രോഗ്രാമിനോട് അനുബന്ധിച്ച് മന്ത്രി കഴിഞ്ഞ ദിവസം ത്വാഇഫ് ഗവർണറേറ്റ് സന്ദർശിച്ചിരുന്നു.
നിക്ഷേപകർക്ക് മന്ത്രാലയത്തിന്റെ മുഴുവൻ പിന്തുണയും ലഭ്യമാക്കും. കാലാവസ്ഥയുടെ പ്രത്യേകത കൊണ്ട് രാജ്യത്തെത്തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് ത്വാഇഫെന്നും മന്ത്രി സൂചിപ്പിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം മന്ത്രാലയം താൽപര്യപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടൂറിസം മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങൾ ആവശ്യമെങ്കിൽ പുനഃപരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ത്വാഇഫ് പര്യടനവുമായി ബന്ധപ്പെട്ട് നിക്ഷേപകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.