ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകൾ വെല്ലുവിളികൾ; റിയാദിൽ പ്രവാസി വെൽഫയറിന്റെ ചർച്ചാ സംഗമം
|സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദിലെ ബത്ഹയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു
ഇന്ത്യയെ സംരക്ഷിക്കാൻ തെരുവുകൾ ശബ്ദമുഖരിതമാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ചർച്ചാസംഗമം. സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി റിയാദിലെ ബത്ഹയിൽ നടന്ന പരിപാടിയിൽ വിവിധ സംഘടനാ പ്രതിനിധികൾ സംബന്ധിച്ചു.
'ജനാധിപത്യ ഇന്ത്യ: പ്രതീക്ഷകൾ വെല്ലുവിളികൾ' എന്ന പ്രമേയത്തിലായിരുന്നു ചർച്ചാ സംഗമം. പ്രവാസി വെൽഫെയർ നാഷണൽ പ്രസിഡന്റ് സാജു ജോർജ് സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യം തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യമായി തരം താണിരിക്കുന്നുവെന്നും ചരിത്രത്തെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകളെ'ന്നും വിഷയമവതരിപ്പിച്ച ഷഹനാസ് സാഹിൽ പറഞ്ഞു.
ബാരീഷ് ചെമ്പകശ്ശേരി അധ്യക്ഷനായിരുന്നു. ജയൻ കൊടുങ്ങല്ലൂർ, നജീം കൊച്ചുകലുങ്ക്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. രാജ്യം നേരിടുന്ന പ്രതിസന്ധിയുടെ ആഴം വലുതാണെന്നും മണിപ്പൂർ, ഹരിയാന കലാപങ്ങളുടെ മറവിൽ ചർച്ചകൾ കൂടാതെ ബില്ലുകൾ ചുട്ടെടുത്ത് ഹിന്ദുത്വ അജണ്ട എളുപ്പത്തിൽ പൂർത്തീകരിക്കുവാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാരെ'ന്നും നജീം കൊച്ചുകലുങ്ക് പറഞ്ഞു. അഷ്‌റഫ് കൊടിഞ്ഞി, ശിഹാബ് കുണ്ടൂർ, അഫ്സൽ ഹുസൈൻ, അഷ്‌കറലി , എന്നിവർ നേതൃത്വം നൽകി.