പള്ളികളില്‍ ഇഫ്താറിനായി ധനസമാഹരണം നടത്തരുത്
|മസ്ജിദുകളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണി ബാങ്കിനും ഇഖാമത്തിനും മാത്രം
സൗദിയിലെ പള്ളികളില്‍ ഇഫ്താറിനായി പള്ളികളില്‍ ജീവനക്കാരോ, പള്ളികളിലെത്തുന്ന വിശ്വാസികളോ ധനസമാഹരണം നടത്തരുതെന്ന് മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
മസ്ജിദുകളിലെ പുറത്തേക്കുള്ള ഉച്ചഭാഷിണികള്‍ ബാങ്കിനും ഇഖാമത്തിനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളുവെന്നും ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പള്ളികളില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ഇസ്ലാമിക കാര്യ മന്ത്രാലയം മസ്ജിദ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം, മസ്ജിദ് ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു. റമദാന്‍ ആസന്നമായ സാഹചര്യത്തിലാണ് മന്ത്രാലയം നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വീണ്ടും ഓര്‍മ്മപ്പെടുത്തുന്നത്. മസ്ജിദുകള്‍ക്ക് പുറത്ത് സ്ഥാപിച്ച ഉച്ചഭാഷിണികള്‍ ബാങ്കിനും ഇഖാമത്തിനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഉച്ചഭാഷിണികളുടെ ശബ്ദം മൂന്നില്‍ ഒന്നായി കുറക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നമസ്‌കാരം, ഖുതുബ, മറ്റു ക്ലാസുകള്‍ എന്നിവക്ക് പള്ളിക്ക് അകത്ത് സ്ഥാപിച്ച ഉച്ചഭാഷിണികള്‍ മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ.
ഔദ്യോഗികമായി രൂപീകരിച്ചിട്ടുള്ള സംവിധാനങ്ങള്‍ക്ക് മാത്രമേ ഇഫ്താറിനായി ധനസമാഹരണം നടത്താന്‍ അനുവാദമുള്ളൂ. ഇഫ്താറിന് ആരെങ്കിലും ഭക്ഷണം സംഭാവന ചെയ്യുകയാണെങ്കില്‍ അത് മസ്ജിദ് ഇമാമിനോടും മുഅദ്ദിനോടും ആലോചിച്ച് മാത്രമേ പാടുള്ളുവെന്നും ഇസ്ലാമികകാര്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സുലൈമാന്‍ അല്‍ ഖമീസ് പറഞ്ഞു.