Saudi Arabia
ആഭ്യന്തര ഉംറ തീർഥാടനം ആരംഭിച്ചു; നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണം
Saudi Arabia

ആഭ്യന്തര ഉംറ തീർഥാടനം ആരംഭിച്ചു; നുസുക് ആപ്പ് വഴി പെർമിറ്റെടുക്കണം

Web Desk
|
9 July 2023 7:36 PM GMT

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലെത്തി തുടങ്ങും.

ഹജ്ജ് സീസൺ അവസാനിച്ചതോടെ സൗദിയിൽ ആഭ്യന്തര ഉംറ തീർഥാടനം പുനരാരംഭിച്ചു. നുസുക്ക് ആപ്പ് വഴി പെർമിറ്റെടുത്തവർക്ക് ഇന്ന് മുതൽ ഉംറക്കും റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും അനുമതിയുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിലെത്തി തുടങ്ങും.

മുഹറം 1 അഥവാ ജൂലൈ 19 മുതലാണ് പുതിയ ഉംറ സീസണ് ആരംഭിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർ ജൂലൈ 19 മുതൽ സൗദിയിക്ക് വന്ന് തുടങ്ങും. എന്നാൽ സൗദിയിലുള്ളവർക്ക് ഇന്ന് മുതൽ ഉംറ ചെയ്യാൻ അനുമതി നൽകി തുടങ്ങി. നുസുക് ആപ്പ് വഴി പെർമിറ്റെടുത്ത നിരവധി പേർ ഇന്ന് ഉംറ ചെയ്യാൻ മക്കയിലെത്തി. നിലവിൽ സൗദിയിൽ ഏത് തരം വിസയിൽ കഴിയുന്നവർക്കും ഇപ്പോൾ ഉംറ ചെയ്യാൻ അനുമതി ലഭിക്കും.

ജൂലൈ 19 മുതൽ വിദേശ തീർഥാടകർ കൂടി വന്നു തുടങ്ങുന്നതോടെ വീണ്ടും തിരക്ക് വർധിക്കും. മദീനയിലെ റൗദ ശരീഫിൽ നമസ്കരിക്കുന്നതിനും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. ഉംറ ചെയ്യാൻ രണ്ട് മണിക്കൂർ വീതവും, റൗദ ശരീഫിൽ നമസ്കരിക്കാൻ അര മണിക്കൂർ വീതവുമാണ് അനുവദിക്കുക. ഹജ്ജ് സീസൺ അവസാനിച്ചതോടെയാണ് വീണ്ടും പെർമിറ്റുകൾ അനുവദിച്ച് തുടങ്ങിയത്. ഹജ്ജ് കർമ്മങ്ങൾക്കായി ഹാജിമാർ എത്തി തുടങ്ങിയതോടെ ജൂണ് 14 മുതലാണ് ഉംറ പെർമിറ്റുകൾ അനുവദിക്കുന്നത് നിർത്തി വെച്ചത്. ജൂലൈ 8 വരെ ഈ നിയന്ത്രണം തുടരുമെന്ന് നേരത്തെ തന്നെ മന്ത്രാലം അറിയിച്ചിരുന്നു. ഈ കാലയളവിൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമായിരുന്നു ഉംറക്ക് അനുമതി.

Similar Posts