ഡൊണാൾഡ് ട്രംപിന്റെ കമ്പനിയും സൗദിയിലേക്ക്; ജിദ്ദയിൽ ആഢംബര താമസ കെട്ടിടങ്ങൾ നിർമ്മിക്കും
|പ്രാദേശിക റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സുമായി ചേർന്നാണ് ട്രംപ് ഓർഗനൈസേഷൻ പദ്ധതി പ്രഖ്യാപിച്ചിത്
ജിദ്ദ : നിർമ്മാണ മേഖലയിൽ ചുവടുറപ്പിക്കാൻ ഡൊണാൾഡ് ട്രംപിന്റെ കമ്പനിയും സൗദിയിൽ എത്തുന്നു. ലക്ഷ്വറി താമസ ടവറുകളുടെ പദ്ധതിയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിട്ടുള്ളത്. നിർമ്മാണ മേഖലയിലെ മികച്ച അവസരം പ്രതീക്ഷിച്ച് നിരവധി കമ്പനികളാണ് സൗദിയിലേക്ക് നിലവിൽ എത്തുന്നത്.
ജിദ്ദയിൽ ലക്ഷ്വറി താമസ കെട്ടിടങ്ങൾ നിർമ്മിക്കുന്ന പദ്ധതിയാണ് പ്രാദേശിക റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സുമായി ചേർന്ന് ട്രംപ് ഓർഗനൈസേഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാർച്ചിൽ ദാർ ഗ്ലോബലുമായി ട്രംപ് ഓർഗനൈസേഷൻ 200 മില്യൻ ഡോളറിന്റെ പ്രോജക്ട് ഒമാനിൽ പ്രഖ്യാപിച്ചിരുന്നു. ഇതേ മാതൃകയിലാണ് ഇപ്പോൾ ജിദ്ദയിലും പദ്ധതി പ്രഖ്യാപിച്ചത്. അമേരിക്കൻ മുൻ പ്രസിഡണ്ടായ ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ളതാണ് ദി ട്രംപ് ഓർഗനൈസേഷൻ ഇൻ കോപ്പറേറ്റഡ് എന്ന കമ്പനി. ലക്ഷ്വറി നിർമ്മാണ മേഖലയിൽ നേരത്തെ പേരെടുത്ത കമ്പനിയാണ് ട്രംപ് ഓർഗനൈസേഷൻ.
വിവിധ രാജ്യങ്ങളിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ്, ഹോട്ടലുകൾ, റിസോർട്ടുകൾ, റെസിഡൻഷ്യൽ ടവറുകൾ, കാസിനോകൾ, ഗോൾഫ് ക്ലബ്ബുകൾ എന്നിവയുടെ പദ്ധതികൾ കമ്പനി ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്. നിർമ്മാണം, ഹോസ്പിറ്റാലിറ്റി, വിനോദം, പ്രസിദ്ധീകരണം, ബ്രോഡ്കാസ്റ്റ് മീഡിയ, സ്വകാര്യ വ്യോമയാനം, സൗന്ദര്യമത്സരങ്ങൾ തുടങ്ങി നിരവധി മേഖലയിലും കമ്പനി നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യ, തുർക്കി, ഫിലിപ്പീൻസ്, രാജ്യങ്ങളിൽ കമ്പനി വ്യത്യസ്ത പേരിൽ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. 2015 ഡമാക്ക് ഗ്രൂപ്പുമായി ചേർന്ന് മിഡിൽ ഈസ്റ്റിലും കമ്പനി വ്യത്യസ്ത കരാറുകൾ ഏറ്റെടുത്തു നടപ്പാക്കിയിരുന്നു. നിർമ്മാണ മേഖലയിൽ വൻ കുതിച്ചുചാട്ടം നടത്തുന്ന സൗദിയിൽ വിദേശത്തുനിന്നുള്ള നിരവധി കമ്പനികൾ നേരത്തെ ഇടം പിടിച്ചിരുന്നു. ഇവർക്കു വെല്ലുവിളി ഉയർത്തിയാണ് ട്രംപ് ഓർഗനൈസേഷൻ സൗദിയിൽ എത്തുന്നത്.