Saudi Arabia
സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് സ്വാഗതാർഹമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ്‌
Saudi Arabia

സൗദിയിൽ നീറ്റ് പരീക്ഷാ കേന്ദ്രം അനുവദിച്ചത് സ്വാഗതാർഹമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ്‌

Web Desk
|
16 July 2022 4:13 PM GMT

ഇത്തണ റിയാദിൽ മാത്രമാണ്​ സെന്റർ അനുവദിക്കപ്പെട്ടിട്ടുള്ളത്​. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ്​ ഭാഗങ്ങളിലും സെൻറർ അനുവദിക്കപ്പെടുമെന്നാണ്​ പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ്​ പറഞ്ഞു.

ദമ്മാം: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വിദ്യാർത്ഥികൾക്ക്​ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ്​ ( നാഷണൽ എലിജിബിലിറ്റി എൻട്രൻസ്​ ടെസ്​റ്റ്​ ) റിയാദിലെ കേന്ദ്രത്തിൽ പ​ങ്കെടുക്കാൻ സാധിക്കുന്നത്​ എക്കാലത്തേയും മികച്ച ചരിത്രമായി രേഖപ്പെടുത്തുമെന്ന്​ പ്രവാസി സമ്മാൻ പുരസ്​കാര ജേതാവും, വ്യവസായിയുമായ ഡോ: സിദ്ദീഖ്​ അഹമ്മദ്​ പറഞ്ഞു. സൗദിയിൽ നീറ്റ്​ പരീക്ഷാ കേന്ദ്രം അനുവദിപ്പിക്കുന്നതിന്​ അധികൃതരുടെ മുന്നിൽ ശക്​തമായ സ്വാധീനം ചെലുത്തിയ വ്യക്​തിയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഇത്​ സാധ്യമാക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാ​ങ്കേതിക വിഷയങ്ങളിൽ കുടുങ്ങി ഇത്​ സാധ്യമാകാതെ വരികയായിരുന്നു. എങ്കിലും ഇത്തവണയെങ്കിലും ഇത്​ സാധ്യമാക്കിയ അധികൃതരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ അംബാസഡറെ ബന്ധപ്പെട്ട്​ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തുവാൻ അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. ഇത്തണ റിയാദിൽ മാത്രമാണ്​ സെന്റർ അനുവദിക്കപ്പെട്ടിട്ടുള്ളത്​. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ്​ ഭാഗങ്ങളിലും സെൻറർ അനുവദിക്കപ്പെടുമെന്നാണ്​ പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ്​ പറഞ്ഞു. 224 ആൺകുട്ടികളും 77 പെൺകുട്ടികളും ഉൾപ്പെടെ 301 പേരാണ്​ നീറ്റ്​ പരീക്ഷക്കായി ഇത്തവണ രജിസ്റ്റർ ചെയ്​തിട്ടുള്ളത്​. നാട്ടിലേക്കുള്ള യാത്രാ സംവിധാനങ്ങൾ തുറന്നതോടെ നിരവധിപേർ പരീക്ഷയെഴുതാനായി നാട്ടിലേക്കും പോയിട്ടുണ്ട്​.സൗദിയിൽ വർഷം തോറും സയൻസ്​ വിഭാഗത്തിൽ പ്ലസ്​ടു പരീക്ഷ എഴുതുന്നത്​ ഏകദേശം​ 1200 ഓളം കുട്ടികളാണ്​. ഇവരിൽ ഭൂരിഭാഗവും എൻട്രൻസിനെ ആശ്രയിക്കുന്നവരാണ്​. മികച്ച മാർക്ക്‌ നേടുന്ന വിദ്യാർത്ഥികളാണ്​ സൗദിയിലെ സ്​കുളുകളിൽ ഉള്ളത്​. ജി.സി.സി യിലെ മറ്റ്​ രാജ്യങ്ങളിൽ നീറ്റ്​ കേന്ദ്രം അനുവദിച്ച അധികൃതർ സൗദിയിലും ഇത്​ സാധ്യമാക്കിയത്​ ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വലിയ കുതിപ്പിന്​ വഴിയൊരുക്കും എന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. സൗദിയിൽ നിന്ന്​ ഔദ്യോഗിക ജീവിതം കഴിഞ്ഞ്​ മടങ്ങിയ മുൻ അംബാസഡർ ഡോ: ഔസാഫ്​ സഈദ്​ ഈ വഷിയത്തിൽ നടത്തിയ ആത്​മാർത്ഥമായ ശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ ഈ വിഷയമെത്തിക്കുകയും, സൗദി അധികൃതരുമായി ഇതിന്റെ അനുമതിക്കുള്ള ചർച്ച നടത്തുകയും ചെയ്യുന്നതിൽ അദ്ദേഹം വിജയിച്ചതായും ഡോ: സിദ്ദീഖ്​ അഹമ്മദ്​ പറഞ്ഞു. സൗദിയിലെ വിവിധ സംഘടനകളും, രക്ഷാകർതൃ സമിതിയുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട്​ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു. പ്രവാസികളുടെ കൂട്ടായ വിജയം കൂടിയാണ്​ ഇതെന്നും അദ്ദേഹം പറഞ്ഞു.

Related Tags :
Similar Posts