റിയാദിലെ ഇ സ്‌പോർട്‌സ് വേൾഡ് കപ്പിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഇ വിസകൾ നൽകും
|ടിക്കറ്റിന്റെ കൂടെ തന്നെ പരിപാടിക്കുള്ള ഇ വിസകൾ സ്വന്തമാക്കാം
റിയാദ്:റിയാദിൽ നടക്കാനിരിക്കുന്ന ഇ-സ്‌പോർട്‌സ് വേൾഡ് കപ്പിൽ പങ്കെടുക്കാനെത്തുന്നവർക്ക് സൗദി അറേബ്യ ഇ-വിസകൾ നൽകും. ടിക്കറ്റിന്റെ കൂടെ തന്നെ പരിപാടിക്കുള്ള ഇ-വിസകൾ സ്വന്തമാക്കാനാകുമെന്ന് ടൂറിസം വിദേശകാര്യ മന്ത്രാലയങ്ങൾ അറിയിച്ചു. ജൂലൈ മൂന്നിനാരംഭിക്കുന്ന മത്സരങ്ങൾ എട്ടാഴ്ച നീണ്ടു നിൽക്കും.
ജൂലൈ മൂന്ന് മുതൽ ആഗസ്ത് 25 വരെയാണ് ഇ-സ്‌പോർട്‌സ് വേൾഡ് കപ്പ് നടക്കാനിരിക്കുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റുകളോടൊപ്പം തന്നെ ഇ-വിസയും നേടാനാവും. 90 ദിവസത്തേക്കായിരിക്കും വിസ കാലാവധി അനുവദിക്കുക. വിസ പ്ലാറ്റ്ഫോമായ സൗദി വിസ വഴി നടപടികൾ പൂർത്തിയാക്കാൻ കഴിയും. എലൈറ്റ് ഇന്റനാഷണൽ ക്ലബ്ബുകളിൽ നിന്നുള്ള 1,500 ലധികം കളിക്കാർ വേൾഡ് കപ്പിൽ പങ്കെടുക്കും. 60 മില്യനോളം മൂല്യം വരുന്ന സമ്മാനങ്ങളായിരിക്കും ടൂർണമെന്റുകളുമായി ബന്ധപ്പെട്ട് നൽകുക. ആദ്യമായാണ് ഇത്രയും മൂല്യമുള്ള സമ്മാനങ്ങൾ നൽകുന്നത്.
മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ആദ്യമായി രാജ്യത്ത് ഇ-സ്‌പോർട്‌സ് ആരംഭിക്കുന്നത്. വേൾഡ് കപ്പോടെ സൗദി ലോകരാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും. വിനോദസഞ്ചാരം, സാമ്പത്തിക വളർച്ച, വിവിധ സംസ്‌കാരങ്ങളുടെ പ്രചാരണം എന്നിവയും വേൾഡ് കപ്പിന്റെ ലക്ഷ്യങ്ങളാണ്. വിഷൻ 2030 ന്റെ ഭാഗമായിട്ടാണ് വേൾഡ് കപ്പ് പ്രാവർത്തികമാക്കുന്നത്. വേൾഡ് കപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് Esports World Cup എന്ന വെബ്‌സൈറ്റ് സന്ദർശിക്കാനും അധികൃതർ നിർദ്ദേശിച്ചു.