ചെറിയ പെരുന്നാൾ: സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ സുരക്ഷാ പരിശോധന ശക്തം
|മന്ത്രാലയം നിശ്ചയിച്ച ആരോഗ്യ മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുലകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം
ദമ്മാം: സൗദിയിൽ ചെറിയ പെരുന്നാൾ അടുത്തതോടെ വാണിജ്യ സ്ഥാപനങ്ങളിൽ സുരക്ഷാ പരിശോധന ശക്തമാക്കി മന്ത്രാലയം. ആഘോഷ ദിനങ്ങളോടനുബന്ധിച്ച് തിരക്ക് വർധിക്കുന്ന ഏഴോളം സ്ഥാപനങ്ങളിലാണ് മുനിസിപ്പൽ മന്ത്രാലയത്തിന് കീഴിൽ പരിശോധന നടത്തി വരുന്നത്. മന്ത്രാലയം നിശ്ചയിച്ച ആരോഗ്യ മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുലകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം.
ബാർബർ ഷോപ്പുകൾ, ബ്യൂട്ടി പാർലറുകൾ, സൂപ്പർ മാർക്കറ്റുകൾ, റെസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, കഫേകൾ, ലോൺഡ്രികൾ, ബേക്കറികൾ, ജ്യൂസ് ബാറുകൾ എന്നിവിടങ്ങളിലാണ് പരിശോധന. ഒപ്പം ഭക്ഷ്യ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന ഗോഡൗണുകളിലും പരിശോധനകൾ സംഘടിപ്പിക്കുന്നുണ്ട്. കേടായതും അവധി തീർന്നതുമായ ഉൽപന്നങ്ങളുടെ വിൽപ്പന തടയുക, മന്ത്രാലയം നിർദേശിച്ച ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ കൈവശമില്ലാത്ത സ്ഥാപനങ്ങളെ കണ്ടെത്തുക എന്നിവ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നുണ്ട്.