Saudi Arabia
വീട്ടുജോലിക്കാരെ തൊഴിലുടമ സ്വീകരിക്കണം: ഉത്തരവുമായി സൗദി, ഏഴ് വിമാനത്താവളങ്ങളിൽ സൗകര്യം
Saudi Arabia

വീട്ടുജോലിക്കാരെ തൊഴിലുടമ സ്വീകരിക്കണം: ഉത്തരവുമായി സൗദി, ഏഴ് വിമാനത്താവളങ്ങളിൽ സൗകര്യം

Web Desk
|
19 Feb 2023 6:37 PM GMT

ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ റിക്രൂട്ടിംഗ് കമ്പനികളാണ് വിമാനത്താവളത്തിൽ നിന്നും ഏറ്റെടുക്കേണ്ടത്

സൗദിയിലേക്ക് അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികളെ തൊഴിലുടമ നേരിട്ട് വിമാനത്താവളത്തിൽ സ്വീകരിക്കണമെന്ന് മുസ്‌നെദ് പ്ലാറ്റ്ഫോം അറിയിച്ചു.

രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിൽ ഇതിനായുള്ള സൌകര്യങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ റിക്രൂട്ടിംഗ് കമ്പനികളാണ് വിമാനത്താവളത്തിൽ നിന്നും ഏറ്റെടുക്കേണ്ടത്.

അവധിക്ക് നാട്ടിൽ പോയി തിരിച്ചെത്തുന്ന ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തിൽ നിന്നും സ്വീകരിക്കേണ്ട ഉത്തരവാദിത്തം തൊഴിലുടമകൾക്കാണ്. വീട്ടുവേലക്കാരുൾപ്പെടെയുള്ള എല്ലാ ഗാർഹിക തൊഴിലാളികളുടെ കാര്യത്തിലും ഈ ചട്ടം ബാധകമാണെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള മുസ്‌നെദ് പ്ലാറ്റ്ഫോം അറിയിച്ചു. വീട്ടുജോലിക്കാരെ സ്വീകരിക്കാനായി ഏഴ് അന്തർദേശീയ വിമാനത്താവളങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം, ദമ്മാം കിങ് ഫഹദ് വിമാനത്താവളം, ഖസീമിലെ അമീർ നാഇഫ് വിമാനത്താവളം, മദീനയിലെ അമീർ മുഹമ്മദ് വിമാനത്താവളം എന്നിവിടങ്ങളിലും,ഹാഇൽ, അൽ-അഹ്‌സ, അബഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും ഇതിനുള്ള സൗകര്യമുണ്ട്. അതേ സമയം സൗദിയിലേക്ക് ആദ്യമായി വരുന്ന ഗാർഹിക തൊഴിലാളികളെ സ്വീകരിക്കേണ്ടതും തൊഴിലുടമക്ക് കൈമാറേണ്ടതും റിക്രൂട്ടിങ് ഓഫീസുകളുടെ ചുമതലയാണെന്നും മുസ്‌നെദ് അറിയിച്ചു.

Similar Posts