അബഹ വിമാനത്താവളം വിപുലീകരിക്കുന്നു; മാസ്റ്റര്‍പ്ലാന്‍ പുറത്തിറക്കി
|2028ഓടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും
റിയാദ്: സൗദിയിലെ അബഹ വിമാനത്താവളം വിപുലീകരിക്കുന്നു. പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിൻ്റെ മാസ്റ്റർപ്ലാൻ കിരീടാവകാശി പുറത്തിറക്കി. 2028ഓടെ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാകും.
ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ അസീർ മേഖലയുടെ പ്രാധാന്യം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അബഹ വിമാനത്താവളം വിപുലീകരിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ നിലവിലെ വിമാനത്താവളത്തിലെ സൗകര്യങ്ങൾ പതിൻമടങ്ങ് വർധിക്കും. നിലവിൽ 10,500 ചതുരശ്ര മീറ്ററിൽ പ്രവർത്തിക്കുന്ന ടെർമിനലിൻ്റെ വിസ്തീർണം 65,000 ചതുരശ്ര മീറ്ററായി ഉയർത്തും. 2028ഓടെ പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
പാസഞ്ചർ ബോർഡിംഗ് ബ്രിഡ്ജുകളുടെ നിർമ്മാണം, പുതിയ പ്ലാറ്റ് ഫോമുകൾ, യാത്ര നടപടികൾ വേഗത്തിലാക്കുന്നതിനായി സെൽഫ് സർവീസ് സേവനങ്ങൾക്കുളള സൗകര്യങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക. പ്രതിവർഷം 1.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് നിലവിലെ വിമാനത്താവളത്തിനുള്ളത്. ഇത് 13 ദശലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാനാകും വിധം വിപുലീകരിക്കും.
നിലവിൽ പ്രതിവർഷം 30,000 വിമാനങ്ങളെ കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിന് പദ്ധതി പൂർത്തിയാകുന്നതോടെ 90,000 വിമാനങ്ങളെ കൈകാര്യം ചെയ്യാനാകും. 20 ഗേറ്റുകളും 41 ചെക്ക്-ഇൻ കൗണ്ടറുകളും ഏഴ് പുതിയ സെൽഫ് സർവീസ് ചെക്ക്-ഇൻ കൗണ്ടറുകളും ഉൾപ്പെടുത്തിയാണ് പുതിയ വിമാനത്താവളത്തിൻ്റെ നിർമാണം. 250 വിമാനത്താവളങ്ങളിലേക്ക് എയർ കണക്റ്റിവിറ്റി വർധിപ്പിച്ചുകൊണ്ട് 330 ദശലക്ഷം പേർക്ക് യാത്ര സൗകര്യംവും ഇവിടെ ലഭിക്കും.
Summary: Saudi Crown Prince unveils plan for expansion of Abha International Airport