Saudi Arabia
റിയാദിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്
Saudi Arabia

റിയാദിൽ വ്യാപക പരിശോധന; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസ്

Web Desk
|
22 Nov 2021 5:04 PM GMT

റിയാദ് ഗവർണറുടെ നിർദേശമനുസരിച്ചാണ് ഒക്ടോബർ 26ന് പരിശോധന തുടങ്ങിയത്.

സൗദിയിലെ റിയാദിലും നഗരത്തിന്റെ നിലവാരം ഉയർത്തുന്ന പദ്ധതിയുടെ ഭാഗമായുള്ള പരിശോധന ശക്തമാക്കി. നിലവാരമില്ലാത്ത വ്യാപാര താമസ കെട്ടിടങ്ങൾ ഇതിന്റെ ഭാഗമായി പൊളിച്ചു മാറ്റും. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരേയും വ്യാപാരം ചെയ്യുന്നവരേയും പിടികൂടി നിയമ നടപടി സ്വീകരിക്കും.

റിയാദ് ഗവർണറുടെ നിർദേശമനുസരിച്ചാണ് ഒക്ടോബർ 26ന് പരിശോധന തുടങ്ങിയത്. രാജ്യത്തെ 11 വകുപ്പുകളുടെ സംയുക്ത സംഘമാണ് പരിശോധനയിൽ. ഐടി മേഖലയുൾപ്പെടെ രാജ്യത്തെ വ്യാപാര വാണിജ്യ കേന്ദ്രങ്ങളിലും താമസ സ്ഥലങ്ങളിലും പരിശോധനയുണ്ട്. ഇതിനിടയിൽ അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെ പിടി കൂടി നാടുകടത്തും. 969 സ്ഥാപനങ്ങളിൽ ഇതിനകം പരിശോധന നടത്തി.

വൃത്തിക്കുറവ്, നിർദേശിച്ച നിലവാരമില്ലാതിരിക്കൽ എന്നിവ ചൂണ്ടിക്കാട്ടി 789 സ്ഥാപനങ്ങൾക്ക് നോട്ടീസുണ്ട്. ഇതിൽ ചിലർക്ക് പിഴ ലഭിച്ചു. നിശ്ചിത സമയത്തിനകം നിലവാരം ഉയർത്തണം. മോശം അവസ്ഥയിലുള്ള 62 കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിഛേദിച്ചു. ഇതിലുള്ളവർ പുതിയ കെട്ടിടങ്ങളിലേക്ക് മാറേണ്ടി വരും. നേരത്തെ ജിദ്ദയിലും സമാന രീതിയിൽ പരിശോധന തുടങ്ങിയിരുന്നു.

Related Tags :
Similar Posts