Saudi Arabia
നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ   പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകി
Saudi Arabia

നാട്ടിലേക്ക് മടങ്ങുന്ന ദമ്മാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലിന് യാത്രയയപ്പ് നൽകി

Web Desk
|
30 Oct 2023 1:50 PM GMT

നാലു പതിറ്റാണ്ടോളം നീണ്ട സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ അധ്യാപികയും ദമാം ഇന്റർ നാഷണൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പലുമായ മെഹ്‌നാസ് ഫരീദിന് സ്‌കൂളിലെ മലയാളി രക്ഷിതാക്കളുടെ പൊതുവേദിയായ ഡിസ്പാക്ക് യാത്രയയപ്പ് നൽകി.

കുട്ടികളുടെയും രക്ഷിതാക്കളുടെയും ഇഷ്ട അധ്യാപികയായ മെഹ്‌നാസ് ഫരീദ് 1985 മുതൽ ദമാം സ്‌കൂളിൽ അധ്യാപികയാണ്. മുംബെ സ്വദേശിനിയായ മെഹ്‌നാസ് പരീക്ഷ കൺട്രോളർ, അക്കാദമിക് വിഭാഗം വൈസ് പ്രിൻസിപ്പൽ, ബോയ്സ് ഗേൾസ് സ്കൂളുകളുടെ വൈസ് പ്രിൻസിപ്പൽ തുടങ്ങിയ പദവികൾ വിവിധ കാലഘട്ടങ്ങളിൽ വഹിച്ചിട്ടുണ്ട്.

ദമ്മാം സ്‌കൂളിന്റെ 40 വർഷത്തെ ചരിത്രത്തിലെ നിരവധി നേട്ടങ്ങളിൽ തന്റെ കൈയൊപ്പുകൾ പതിച്ചാണ് ഇവർ സൗദിയിൽ നിന്നും മടങ്ങുന്നത്. മുൻ പ്രിൻസിപ്പൽ സുബൈർ ഖാന്റെ ഒഴിവിലാണ് സ്കൂളിലെ സീനിയർ അധ്യാപികയായിരുന്ന മെഹ്നാസ് ഫരീദിനെ മൂന്ന് വർഷം മുമ്പ് പ്രിൻസിപ്പലായി നിയമിക്കപ്പെട്ടിരുന്നത്.

അക്കാദമിക്-അക്കാദമിക്കിതര രംഗത്ത് സ്‌കൂളിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാനും സാധിച്ചത് രക്ഷിതാക്കളും വിദ്യാർത്ഥികളും നൽകിയ വലിയ പിന്തുണ കൊണ്ടാണെന്നും സ്‌കൂളിന്റെ ഉന്നമനത്തിന് ഡിസ്പാക്ക് നൽകിയ സഹായ സഹകരണങ്ങൾ എന്നും ഓർക്കപ്പെടുമെന്നും മെഹ്‌നാസ് ഫരീദ് പറഞ്ഞു.

ചടങ്ങിൽ ഡിസ്പാക്ക് പ്രസിഡന്റ് സികെ ഷഫീക് ഉപഹാരം സമ്മാനിച്ചു. സ്‌കൂളിന്റെ പുതിയ പ്രിൻസിപ്പൽ സുനിൽ പീറ്റർ, ഡിസ്പാക്ക് ജന. സെക്രട്ടറി അഷ്റഫ് ആലുവ, ട്രഷറർ ഷമീം കാട്ടാക്കട, മറ്റു ഭാരവാഹികളായ മുജീബ് കളത്തിൽ, സാദിഖ് അയ്യാലിൽ, ഗുലാം ഫൈസൽ, നിസ്സാം യൂസഫ്, തോമസ് തൈപ്പറമ്പിൽ, പി നാസർ കടവത്ത് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

Similar Posts