ഒടുവിൽ റഹീം ഉമ്മയെ കണ്ടു; വൈകാരിക നിമിഷങ്ങൾക്ക് സാക്ഷിയായി റിയാദ് ജയിൽ
|നീണ്ട 18 വർഷത്തിന് ശേഷമാണ് റഹീം ഉമ്മയെ കാണുന്നത്
റിയാദ്: സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീം ഉമ്മയെ കണ്ടു. ഇന്ന് രാവിലെയാണ് ഉമ്മയും മകനും തമ്മിലുള്ള വൈകാരിക കൂടിക്കാഴ്ചക്ക് റിയാദിലെ ജയിൽ സാക്ഷിയായത്. നീണ്ട 18 വർഷത്തിന് ശേഷമാണ് റഹീം ഉമ്മ ഫാത്തിമയെ നേരിട്ട് കാണുന്നത്. അരമണിക്കൂറോളമായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം കുടുംബം ഇന്ത്യൻ എംബസിയിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.വധശിക്ഷ റദ്ദാക്കിയിട്ടും റിയാദിലെ ജയിലിൽ മോചന ഉത്തരവ് കാത്തിരിക്കുകയാണ് റഹീം. ഈ മാസം 17നാണ് റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് കേസ് പരിഗണിക്കുക. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസിന്റെ ബെഞ്ചാണ് കേസ് തീർപ്പാക്കാനുള്ള വിധി വധശിക്ഷാ ബെഞ്ചിനു തന്നെ വിട്ടത്. അന്ന് മോചന ഉത്തരവ് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റു തടസങ്ങളൊന്നും ഉണ്ടാവില്ലെന്ന ശുഭ പ്രതീക്ഷയിലാണ് തങ്ങളെന്നും അതിനായി കാത്തിരിക്കുകയാണെന്നും റിയാദിലെ റഹീം നിയമ സഹായ സമിതി അറിയിച്ചു.
അതേസമയം മോചന ഉത്തരവ് നീളുന്നത് കാരണം മകനെ കാണാനുള്ള ആഗ്രഹത്തിന് പുറത്താണ് ഫാത്തിമ സൗദിയിലെത്തുന്നത്. മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷമായിരുന്നു റിയാദിലേക്കുള്ള യാത്ര. കഴിഞ്ഞ ദിവസം റഹീമിനെ കാണാൻ ഉമ്മ എത്തിയിരുന്നെങ്കിലും റഹീം കൂടിക്കാഴ്ചക്ക് വിസമ്മതിക്കുകയായിരുന്നു. ജയിലിൽ ആയിരിക്കെ ഉമ്മയെ കാണാൻ താൽപര്യമില്ലെന്നായിരുന്നു റഹീമിന്റെ നിലപാട്. വിധി വന്നതിന് ശേഷം ഉമ്മയെ കണ്ടാൽ മതിയെന്നായിരുന്നു റഹീമിന്റെ തീരുമാനം.എന്നാൽ ഇതിന് ശേഷം നിയമ സഹായ സമിതി റഹീമിനോട് മാതാവിനെ കാണാൻ നിർബന്ധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടിക്കാഴ്ച്ചക്കായി വീണ്ടും ഉമ്മയും സഹോദരൻ നസീറും,അമ്മാവനും എത്തിയത്.