വാറ്റ് റിട്ടേൺ: സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കേണ്ടത് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടന്റുമാരെന്ന് സൗദി
|ബിനാമി സ്ഥാപനങ്ങളെ ഒറ്റിയാൽ സമ്മാനമെന്നും സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി
സാമ്പത്തിക റിപ്പോർട്ട് തയ്യാറാക്കേണ്ടത് അംഗീകൃത ചാർട്ടേഡ് അക്കൗണ്ടുമാരാണെന്ന് സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി. നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴാണ് ഇത് ഹാജരാക്കേണ്ടത്. ഇതിനിടെ, ബിനാമി സ്ഥാപനങ്ങളെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള ചട്ടങ്ങൾ അതോറിറ്റി പ്രസിദ്ധീകരിച്ചു.
നിശ്ചിത മാസങ്ങളിലാണ് സൗദിയിൽ വാറ്റ് റിട്ടേൺ സമർപ്പിക്കേണ്ടത്. ഇതിൽ സ്ഥാപനത്തിന്റെ വിശദമായ സാമ്പത്തിക റിപ്പോർട്ട് വേണം. അംഗീകൃത ചാർട്ടേഡ് അക്കൗണ്ടുമാരാണ് ഇത് തയ്യാറാക്കേണ്ടത്. അല്ലാത്തവ സ്വീകരിക്കില്ല. സൗദി സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് ഇക്കാര്യമറിയിച്ചത്. സമർപ്പിക്കുന്ന വിവരങ്ങളെ സാധൂകരിക്കുന്ന രേഖകളെല്ലാം ഇതോടൊപ്പം ഉണ്ടാകണം. കൃത്യ സമയത്ത് നികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്ക് പിഴ റദ്ദാക്കാൻ നിലവിൽ അവസരമുണ്ട്. മുൻപ് നൽകിയ ഈ ഇളവ് അറുമാസത്തേക്ക്, 2023 മെയ് വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
ബിനാമി സ്ഥാപനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്കുള്ള പാരിതോഷികം ലഭിക്കാനുള്ള നിബന്ധനകളും അതോറിറ്റി ഇതിനിടെ പ്രഖ്യാപിച്ചു. വിവരം നൽകുന്നവർ പരിശോധനാ ഉദ്യോഗസ്ഥരുടെ ബന്ധുവാകരുത്. പാരിതോഷികം സംബന്ധിച്ച് തീരുമാനമെടുക്കുക പ്രത്യേക കമ്മിറ്റിയാണ്. വിവരം നൽകുന്നവരുടെ വിശദാംശങ്ങൾ രഹസ്യമാക്കി വെക്കും. സംശയം തോന്നുന്ന സ്ഥാപനങ്ങളുടെ മുഴുവൻ ഇടപാടുകളും പരിശോധിച്ചേ അധികൃതർ വിട്ടയക്കൂ. ഇതിനായി ആയിരത്തിലേറെ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയിട്ടുണ്ട്.