തൊഴിലാളികള്‍ക്ക് ബലദിയ കാര്‍ഡില്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ; ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും
|തൊഴിലാളിക്ക് ബലദിയ കാര്‍ഡില്ലാത്ത സാഹചര്യത്തില്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുമെന്ന് സൗദി മുനിസിപ്പല്‍-ഗ്രാമീണ കാര്യ-ഭവന മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച മുതലാണ് ഓരോ തൊഴിലാളിക്കും ആവശ്യമായ ബലദിയ കാര്‍ഡ് ഇല്ലെങ്കില്‍ 2000 റിയാല്‍ വീതം പിഴ ചുമത്തുക. ഇതേ നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഈ പിഴ ഇരട്ടിയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
മുനിസിപ്പല്‍-ഗ്രാമകാര്യ-പാര്‍പ്പിട മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികളാണ് ശനിയാഴ്ച മുതല്‍ നടപ്പിലാക്കുക. സ്ത്രീകളുടെ ബ്യൂട്ടിപാര്‍ലറുകളില്‍ ക്യാമറകളുടെ ഉപയോഗം നിരോധിക്കുക, അംഗീകൃത സ്റ്റാന്‍ഡേര്‍ഡ് സ്‌പെസിഫിക്കേഷനുകള്‍ക്ക് അനുസൃതമല്ലാത്ത സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടേയും പൊടികളുടേയും ഉപയോഗം നിരോധിക്കുക തുടങ്ങിയ വിവിധ നിയമങ്ങളും ശനിയാഴ്ചയോടെ നടപ്പില്‍ വരും.