സൗദിയിൽ ട്രെയിൻ യാത്രയിലെ നിയമലംഘനങ്ങൾക്കുള്ള പിഴ പുതുക്കിനിശ്ചയിച്ചു
|നിയമലംഘനത്തിന്റെ തോതനുസരിച്ച് ഇരുന്നൂറ് മുതൽ ഇരുപതിനായിരം റിയാൽ വരെ പിഴ ചുമത്തും
റിയാദ്: സൗദിയിൽ ട്രെയിൻ യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങളും നിയമലംഘനങ്ങൾക്കുള്ള പിഴയും പുതുക്കിനിശ്ചയിച്ചു. ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റിയാണ് പുതുക്കിയ പിഴനിരക്ക് പ്രസിദ്ധീകരിച്ചത്. നിയമലംഘനത്തിന്റെ തോതനുസരിച്ച് ഇരുന്നൂറ് മുതൽ ഇരുപതിനായിരം റിയാൽ വരെ പിഴ ചുമത്തും. ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ ഇരുന്നൂറ് റിയാൽ പിഴ വീഴും. ഒപ്പം ടിക്കറ്റ് ഇളവിന് അർഹതയുള്ളവർ ആവശ്യമായ രേഖകൾ ഹാജരാക്കാതിരുന്നാൽ ഇത് പിഴ ചുമത്തും. റെയിൽവേ സ്റ്റേഷനിലും ട്രെയിനുകൾക്കകത്തും പുകവലിച്ചാൽ 200 റിയാലും, പുറമേ നിന്നും പാചകം ചെയ്ത ഭക്ഷണം ട്രെയിനിനകത്ത് വെച്ച് കഴിക്കുകയോ വൃത്തികേടാക്കുകയോ ചെയ്താൽ നൂറ് റിയാലും, ഇരിപ്പിടങ്ങളിൽ ബാഗേജുകൾ സൂക്ഷിച്ചാൽ 100 റിയാലും, ട്രെയിനിന്റെ ഓട്ടോമാറ്റിക് ഡോറുകളിൽ കെയ്യോ കാലോ വെച്ച് പ്രവർത്തനം തടസ്സപ്പെടുത്തിയാൽ 300 റിയാലും പിഴ ചുമത്തും. ഇതേ നിയമ ലംഘനങ്ങൾ ആവർത്തിച്ചാൽ ഓരോ തവണയും പിഴ ഇരട്ടിക്കും. മൂന്നിൽ കൂടുതൽ തവണ ആവർത്തിച്ചാൽ 20000 റിയാൽ പിഴയും ഒരു വർഷത്തേക്ക് ട്രെയിൻ യാത്രയിൽ നിന്നും വിലക്കുകയും ചെയ്യും. ട്രെയിനിലെ എമർജൻസി അലാറാം അനാവശ്യമായി ഉപയോഗിക്കൽ, സ്റ്റേഷനുകളിലെ പ്രാർഥനാ മുറികളിലോ ഉറക്കം നിരോധിച്ച ഇടങ്ങളിലോ ഉറങ്ങൽ, ട്രൈയിൻ നീങ്ങി തുടങ്ങിയതിന് ശേഷം കയറുകയോ ഇറങ്ങുകയോ ചെയ്യൽ എന്നിവയും കടുത്ത പിഴ ലഭിക്കാവുന്ന ലംഘനങ്ങളാണ്.