സൗദിയിലെ ആഭ്യന്തര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു
|കേരളത്തിൽ നിന്ന് കഴുത്തറുപ്പൻ നിരക്ക്
റിയാദ്: സൗദിയിലെ ആഭ്യന്തര റൂട്ടുകളിൽ വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു. നാളെ സ്കൂൾ തുറക്കുന്നതിനാലാണ് ടിക്കറ്റ് നിരക്കുകൾ കുറയുന്നത്. അതേസമയം അടുത്ത മാസം പാതി വരെ വൻതുകയിലാണ് കേരളത്തിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ.
ക്ലാസുകൾ തുടങ്ങാനിരിക്കെ സൗദിയിലെ ആഭ്യന്തര റൂട്ടുകളിൽ വൻനിരക്കിലാണ് ടിക്കറ്റുകൾ വിറ്റുപോയത്. ജിദ്ദ-റിയാദ് റൂട്ടിൽ ആയിരം റിയാലിനടുത്ത് വരെ നിരക്കെത്തിയിരുന്നു. തണുപ്പ് കാലം സൗദികൾ ചിലവഴിച്ച അസീറിലെ അബഹയിൽ നിന്ന് നാളെ റിയാദിലേക്കുള്ള നിരക്ക് ലഗേജില്ലാതെ 1,100 റിയാലാണ്.
ക്ലാസുകൾ ആരംഭിക്കുന്നതോടെ രണ്ടു ദിവസത്തിനകം മുതൽ നിരക്ക് കുറയും. നാളെ മുതൽ 230 റിയാലിന് റിയാദ-ജിദ്ദ റൂട്ടിൽ ടിക്കറ്റുകൾ ലഭ്യമായിട്ടുണ്ട്. അടുത്തയാഴ്ച മുതൽ 250 റിയാൽ മുതൽ അബഹയിലേക്കും തിരിച്ചും ടിക്കറ്റുകളുണ്ട്.
അതേസമയം ഇന്ത്യൻ സ്കൂളുകൾ തുറക്കാനിരിക്കെ അമിത നിരക്കിലാണ് കേരളത്തിൽ നിന്ന് സൗദിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. സെപ്തംബർ ഒന്നിനാണ് സൗദി സ്കൂളുകൾ തുറക്കുക. കോഴിക്കോട്റിയാദ് റൂട്ടിൽ സെപ്തംബർ പതിനേഴിന് ഇന്നത്തെ നിരക്ക് 22,000 ആണ്. ഈ മാസം ശരാശരി 40,000 മുതൽ 80,000 രൂപ വരെ നിരക്കുണ്ട്. ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്ക് കൊച്ചി, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിൽ നിന്നെല്ലാം സമാനമാണ് സ്ഥിതി. സെപ്തംബർ 20 മുതൽ ടിക്കറ്റ് നിരക്ക് കുറഞ്ഞ നിരക്കിലേക്ക് മാറുന്നുണ്ട്.
അതേസമയം നിലവിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റുണ്ട്. നാളെ മുതൽ ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് ഇൻഡിഗോ 235 റിയാൽ മുതൽ ടിക്കറ്റ് ലഭ്യമാണ്. റിയാദിൽ നിന്നും ഫ്ളൈനാസിന് 470 റിയാൽ മുതലും ടിക്കറ്റുണ്ട്. ജിദ്ദയിൽ നിന്ന് 700 മുതലാണ് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക്.