സൗദിയിലേക്കുള്ള വിദേശ നിക്ഷേപം കുറഞ്ഞു
|കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.5 ശതമാനത്തിൻ്റെ കുറവാണുണ്ടായത്
റിയാദ്: സൗദിയിലേക്ക് വന്ന വിദേശ നിക്ഷേപത്തിന്റെ വാർഷിക അളവിൽ കുറവ്. 2023 ലെ രണ്ടാം പാദത്തിൽ 11.7 ബില്യൺ റിയാലിന്റെ വിദേശ നിക്ഷേപമാണ് രാജ്യത്തെത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത് 7.5 ശതമാനം കുറവാണ്. 2022 ലെ ഇതേ കാലയളവിലെ കണക്കനുസരിച്ച് നിക്ഷേപം 12.6 ബില്യൺ റിയാലിലധികമായിരുന്നു. ഈ വർഷം 23.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 19.4 ബില്യൺ റിയാൽ നിക്ഷേപമാണ് മൊത്തമായി രാജ്യത്തെത്തിയത്.
ഇതിൽ നിന്ന് മറ്റു രാജ്യങ്ങളിലെ നിക്ഷേപങ്ങൾക്കായി ചെലവഴിച്ചത് 7.76 ബില്യൺ റിയാലാണ്. രാജ്യത്തേക്ക് വരുന്ന നിക്ഷേപങ്ങൾ മുൻകാലത്തെ അപേക്ഷിച്ച് 15 ശതമാനം വർധിച്ചു. രാജ്യത്ത് അടുത്തിടെ നിക്ഷേപ നിയമം പുതുക്കിയിരുന്നു . നിക്ഷേപകരുടെ നിക്ഷേപം സംരക്ഷിക്കലുമായി ബന്ധപ്പെട്ടായിരുന്നു മാറ്റം. വിദേശ നിക്ഷേപങ്ങൾ വർധിപ്പിക്കുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയർത്തുക എന്നിവയും ലക്ഷ്യങ്ങളാണ്. വിദേശ നിക്ഷേപങ്ങളുടെ വർദ്ധനവ് രാജ്യത്തെ മെഗാ പ്രോജക്റ്റുകൾ, സ്വകാര്യവൽക്കരണം എന്നിവക്ക് പിന്നാലെയാണ് ഉയർന്നത്.