ഹറമില്‍ വിദേശഭാഷാ സഹായ പദ്ധതി; ഏഴ് വിദേശ ഭാഷകളിൽ സംശയം ദൂരീകരിക്കാം
|ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ആരാധനകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനാണ് പദ്ധതി നടപ്പിലാക്കുന്നത്
മക്കയിലെ ഹറമിൽ ഏഴ് വിദേശ ഭാഷകളിൽ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന പദ്ധതി ആരംഭിച്ചു. മതപരമായ വിഷയങ്ങളിലും ആരാധനാ കാര്യങ്ങളിലുമുള്ള സംശയം ദൂരീകരിക്കാൻ സഹായിക്കുന്നതാണ് പദ്ധതി. ഹറമിലേക്ക് എല്ലാവർക്കും പ്രവേശന അനുമതി നൽകിത്തുടങ്ങിയതോടെ തിരക്കും വർധിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്, ഉറുദു, പേർഷ്യൻ, ഫ്രഞ്ച്, തുർക്കിഷ്, ഹൗസ, ബംഗാളി എന്നീ ഭാഷകളിലാണ് മാർഗനിർദ്ദേശങ്ങൾ നൽകുക. ഇതിന് കഴിവുള്ള പരിഭാഷകരെ മക്കയിലെ ഹറം പള്ളിയുടെ വിവിധ ഭാഗങ്ങളിലായി നിയമിച്ചിട്ടുണ്ട്.
ഉംറ തീർത്ഥാടകർക്കും സന്ദർശകർക്കും ആരാധനകളുമായും ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാനും ഇവർ സഹായിക്കും. റോബോട്ട്, വിഷ്വൽ കണക്ഷൻസ്, ഹറമിലെ സൗജന്യ മൊബൈൽ സേവനം തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെയാണ് പദ്ധതി പുനരാരംഭിച്ചത്. വാകിസിൻ പൂർത്തീകരിച്ച 12 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഹറമിലേക്ക് പ്രവേശനമുണ്ട്.