Saudi Arabia
Four cubs were born to a pair of leopards in Saudi Arabia
Saudi Arabia

സൗദിയിൽ പുള്ളിപുലികളായ ഇണകൾക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു

Web Desk
|
24 July 2024 4:58 PM GMT

സൗദിയിൽ നിന്നും ഇല്ലാതായ ജീവികളെ തിരികെ എത്തിച്ച് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്കിടെയാണ് പുള്ളിപുലികളുടെ ജനനം

റിയാദ്: നാൽപതു വർഷത്തിന് ശേഷം സൗദിയിൽ പുള്ളിപുലികളായ ഇണകൾക്ക് നാല് കുഞ്ഞുങ്ങൾ പിറന്നു. സൗദി വനം റിസർവിലാണ് കുഞ്ഞുങ്ങൾ പിറന്നത്. സൗദിയിൽ നിന്നും ഇല്ലാതായ ജീവികളെ തിരികെ എത്തിച്ച് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്കിടെയാണ് പുള്ളിപുലികളുടെ ജനനം.

പഴയ അറേബ്യൻ കഥകളിൽ നിറഞ്ഞു നിന്നിരുന്നതാണ് വന്യമൃഗങ്ങൾ. സൗദി അറേബ്യ രൂപീകരിക്കും മുമ്പേ അതിന്റെ ഭൂപ്രദേശത്തുണ്ടായിരുന്ന ചീറ്റപ്പുലികൾ 1968ൽ വരെ സജീവമായിരുന്നു. പക്ഷേ, അവയെല്ലാം കാലാവസ്ഥാ മാറ്റത്തിനും വേട്ടയാടലുകൾക്കുമൊടുവിൽ നാമാവശേഷമായി. ഇന്നവയെ കണ്ടെത്തി പുനരധിവസിപ്പിക്കാനുള്ള നിർണായക നീക്കത്തിലാണ് സൗദി. ദേശീയ വന്യജീവി കേന്ദ്രത്തിന് കീഴിൽ സൗദിയിലുണ്ടായിരുന്ന തരം പുലികളെ എത്തിച്ചിരുന്നു. അവയെ സൗദിയിലെ വനം റിസർവിലെ ആവാസ വ്യവസ്ഥയിൽ തുറന്നു വിട്ടു. അവക്കാണിപ്പോൾ നാല് കുഞ്ഞുങ്ങൾ പിറന്നത്.

സൗദിയിലെ ഹാഇൽ പ്രവിശ്യയിലും അറാർ ഉൾപ്പെടുന്ന വടക്കൻ അതിർത്തി പ്രവിശ്യയിലും 1980കൾ വരെ പുള്ളിപ്പുലികളുണ്ടായിരുന്നു. അവയുടെ അവശിഷ്ടങ്ങൾ സമീപ കാലത്താണ് കണ്ടെടുത്തത്. പുതിയ ശ്രമത്തിലൂടെ മരുഭൂമിയായി മാറിയ പഴയ പച്ചപ്പുകളെ തിരിച്ചു പിടിക്കുകയാണ് സൗദി. സൗദിയിൽ നിറയുന്ന മരുഭൂമിക്കപ്പുറത്തെ പച്ചമേടുകളിൽ വന്യമൃഗങ്ങളുടെ നിരീക്ഷണത്തിനും സംവിധാനങ്ങളുണ്ട്. അവ വികസിക്കുന്നതോടെ വരണ്ട കാലാവസ്ഥക്കും പൊടിക്കാറ്റിനും തടയിടലും ലക്ഷ്യമാണ്.

Similar Posts