Saudi Arabia
കഴിഞ്ഞ വർഷം ജോലി നൽകിയത് നാലു ലക്ഷം സൗദികൾക്ക്;   തൊഴിലില്ലായ്മ കുറക്കാൻ ഈ വർഷവും കടുത്ത പദ്ധതികൾ
Saudi Arabia

കഴിഞ്ഞ വർഷം ജോലി നൽകിയത് നാലു ലക്ഷം സൗദികൾക്ക്; തൊഴിലില്ലായ്മ കുറക്കാൻ ഈ വർഷവും കടുത്ത പദ്ധതികൾ

Web Desk
|
24 Feb 2022 6:57 AM GMT

കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവരേക്കാള്‍ കൂടുതലാണ് തൊഴില്‍ നേടിയവരുടെ എണ്ണം

സൗദിവത്കരണത്തിൽ റെക്കോർഡ് നേട്ടം സൃഷ്ടിച്ചതായി മാനവ വിഭവശേഷി മന്ത്രാലയം. കഴിഞ്ഞ വർഷം നാലു ലക്ഷം സൗദി പൗരന്മാർക്ക് തൊഴിലുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഈ വർഷം എല്ലാ മേഖലകളിലും നിശ്ചിത ശതമാനം സൗദിവത്കരണം വരുന്നതോടെ തൊഴിലില്ലായ്മ കുറക്കാനാകുമെന്നും മന്ത്രാലയം പ്രത്യാശിച്ചു.

12 ശതമാനത്തിലേക്കെത്തിയ തൊഴിലില്ലായ്മ നിരക്ക് കുറക്കാനാണ് സൗദി അറേബ്യ പൗരന്മാർക്ക് ജോലി നൽകാൻ സ്വദേശിവത്കരണം തുടങ്ങിയത്. ആഗോള തലത്തിലെ തന്നെ ഉയർന്ന നിരക്കായാണിതിനെ സൗദി കാണുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഊർജിതമായിരുന്നു സ്വദേശിവത്കരണം. മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2021ൽ പുതുതായി 400,000 സൗദി സ്വദേശികള്‍ തൊഴില്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയവരേക്കാള്‍ കൂടുതലാണ് തൊഴില്‍ നേടിയവരുടെ എണ്ണം.

2021 ല്‍ ഫാര്‍മസി, ദന്തചികിത്സ, അക്കൗണ്ടിങ്, നിയമം, മാര്‍ക്കറ്റിങ് തുടങ്ങിയ സേവന മേഖലകളില്‍ 32 ഓളം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നത്. ഈ മേഖലകളിലെ സ്വകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഈ നടപ്പു വര്‍ഷം 30 മേഖലകളിലെ സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുക. ഉന്നത വിദ്യാഭ്യാസം ലഭിച്ചിട്ടും ജോലി ലഭിക്കാത്ത സൗദിജനതക്ക് ജോലി ലഭ്യമാക്കാനുള്ള എല്ലാ വഴികളും തേടും. 30 ട്രെയിൻ ഡ്രൈവർ പോസ്റ്റിലേക്ക് 28,000 സൗദി യുവതികളുടെ അപേക്ഷ ലഭിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

ഈ വർഷം മാർച്ച് മുതൽ ഡാറ്റ എൻട്രി, ട്രാൻസലേറ്റർ അടക്കം വിവിധ തസ്തികകളിൽ സമ്പൂർണ സൗദി വത്കരണം വരുന്നുണ്ട്. ഈ തസ്തികളിൽ ജോലി ചെയ്യുന്ന് വിദേശികൾക്ക് പ്രഫഷൻ മാറാനാകാത്ത സ്ഥിതിയുണ്ട്. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന തസ്തികകളിൽ സ്വദേശികളുടെ ലഭ്യതക്കനുസരിച്ചുള്ള സ്വദേശിവത്കരണമാകും പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ട്. തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനത്തിലെത്തും വരെ മറ്റു വഴികളില്ലെന്നാണ് സൗദി മാനവിഭവ ശേഷി മന്ത്രാലയത്തിന്റെ നിലപാട്.

Related Tags :
Similar Posts