ട്രാഫിക് പിഴയിലെ ഇളവിന്റെ മറവിൽ തട്ടിപ്പ്; മുന്നറിയിപ്പുമായി ട്രാഫിക് വിഭാഗം
|ട്രാഫിക് പിഴയിലെ ഇളവ് ലഭിക്കാൻ പ്രത്യേക സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്
ജിദ്ദ: സൗദിയിൽ ട്രാഫിക് പിഴയിൽ പ്രഖ്യാപിച്ച ഇളവിന്റെ മറവിൽ തട്ടിപ്പ് നടക്കുന്നതായി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇളവ് ലഭിക്കാൻ പ്രത്യേക സൈറ്റുകളിൽ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് തട്ടിപ്പ് നടത്തുന്നത്. ഇത്തരം സൈറ്റുകളിൽ രജിസ്റ്റർ ചെയ്യരുതെന്നും ഏപ്രിൽ 18 മുതൽ ഇളവ് സ്വമേധയാ ലഭ്യമാകുമെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.
ഈ മാസം 18ന് മുമ്പ് ചുമത്തുന്ന എല്ലാ ട്രാഫിക് പിഴകൾക്കും 50 ശതമാനം ഇളവ് നൽകുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 18 മുതൽ ഇളവ് പ്രാബല്യത്തിൽ വരും. ഒക്ടോബർ 18 വരെ ആറ് മാസം ഇത് തുടരും. ഈ കാലയളവിനുള്ളിൽ പിഴയടക്കുന്നവർക്കാണ് 50 ശതമാനം ഇളവ് ലഭിക്കുക. എന്നാൽ പിഴയിൽ ഇളവ് ലഭിക്കാൻ പ്രത്യേകമായി ഏതെങ്കിലും സൈറ്റുകളിലോ ലിങ്കുകളിലോ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.
കൂടാതെ ഇളവ് ലഭിക്കാനായി ട്രാഫിക് ഡയരക്ടറേറ്റിന്റെ അസ്ഥാനത്തോ മറ്റേതെങ്കിലും ഓഫീസുകളിലോ നേരിട്ട് ഹാജരാകേണ്ടതുമില്ല. സദാദ് വഴിയോ ഇഫാത് പ്ലാറ്റ് ഫോം വഴിയോ സാധാരണപോലെ പിഴയടച്ചാൽ മതിയാകും. ഇങ്ങിനെ പിഴയടക്കാൻ ശ്രമിക്കുന്നവർക്ക് ഏപ്രിൽ 18 മുതൽ പിഴയിൽ ഇളവ് കാണാനാകും.
എന്നാൽ 18ന് മുമ്പ് പിഴയടക്കാൻ ശ്രമിക്കുന്നവർക്ക് ഇളവ് കാണാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി. പിഴയിൽ ഇളവ് ലഭിക്കാൻ പ്രത്യേക ലിങ്കുകളിൽ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിച്ചു തുടങ്ങിയ സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം വ്യാജ ലിങ്കുകളിലും സൈറ്റുകളിലും രജിസ്റ്റ്ർ ചെയ്ത് വഞ്ചിതരാകരുതെന്നും, ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥരാരും ഫോണിൽ ബന്ധപ്പെടില്ലെന്നും ട്രാഫിക് വിഭാഗം അറിയിച്ചു.