Saudi Arabia
ഫ്യൂച്ചർ ഇൻവെസ്റ്റ്‍മെന്‍റ് ഇനീഷ്യേറ്റീവ് ഒക്ടോബര്‍  25 മുതൽ
Saudi Arabia

ഫ്യൂച്ചർ ഇൻവെസ്റ്റ്‍മെന്‍റ് ഇനീഷ്യേറ്റീവ് ഒക്ടോബര്‍ 25 മുതൽ

Web Desk
|
17 Oct 2022 4:12 PM GMT

ലോകരാജ്യങ്ങളിൽ നിന്നായി ആറായിരം പ്രതിനിധികൾ പങ്കെടുക്കും

സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിൽ അഞ്ഞൂറിലധികം പേർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. ലോകവും മനുഷ്യരും നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾക്കുള്ള പരിഹാര ചർച്ചകളാകും ഇത്തവണ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ചർച്ച ചെയ്യുക. ആറായിരത്തിലധികം പേർ റിയാദിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കും.

മനുഷ്യത്വത്തിൽ നിക്ഷേപിക്കുക എന്നതാണ് ഇത്തവണ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവിന്‍റെ മുദ്രാവാക്യം. ആഗോള തലത്തിൽ മാനുഷിക രംഗത്തെ നിക്ഷേപത്തിലും സഹായങ്ങളിലും വീഴ്ച വരാതിരിക്കാനുള്ള ജാഗ്രതയാണ് മുദ്രാവാക്യം സൂചിപ്പിക്കുന്നത്. ഒക്ടോബർ 25 മുതൽ 27 വരെ റിയാദിൽ നടക്കുന്ന സംരംഭത്തിന്‍റെ ആറാം പതിപ്പിൽ 180 സെഷനുകളുണ്ടാകും. റിയാദിലെ റിറ്റ്സ്കാൾട്ടണിലെ കിംഗ് അബ്ദുൽ അസീസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന സമ്മേളനം ആഗോള തലത്തിലെ പുതിയ സാമ്പത്തിക മാറ്റങ്ങളും വെല്ലുവിളികളും നിക്ഷേപ സാധ്യതകളും ചർച്ച ചെയ്യും. റിയാദിലെ സൗദി പ്രസ് ഏജൻസി ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ എഫ്‌ഐഐ ഫൗണ്ടേഷന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റിച്ചാർഡ് ആറ്റിയാസ് സമ്മേളനത്തെ വിശദീകരിച്ചു.

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ഫൗണ്ടേഷൻ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണെന്നും, സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുലാണ് ലക്ഷ്യമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. അഞ്ഞൂറിലധികം പേർ 180 സെഷനുകളിലായി സംസാരിക്കും. എല്ലാ രാജ്യങ്ങളിൽ നിന്നുമായി ആറായിരം പ്രതിനിധികളാണ് എത്തുക. 30 വർക്ക്ഷോപ്പുകൾക്കും 4 മിനി ഉച്ചകോടികൾക്കും ഇനീഷ്യേറ്റീവ് സാക്ഷ്യം വഹിക്കും. സാമ്പത്തിക അസമത്വം, വിലക്കയറ്റം, കോവിഡാനന്തരമുള്ള മാറ്റങ്ങൾ, ഊർജ രംഗം, ചൈനയും മിഡിൽ ഈസ്റ്റും തമ്മിലുള്ള പങ്കാളിത്തം, പരിസ്ഥിതിഎന്നിവ ചർച്ചയിൽ വരും. ആഫ്രിക്കയുടെ ഭാവി, ഡിജിറ്റൽ കറൻസികളുടെ ഉദയം, പുതിയ തലമുറയിലെ മാറ്റങ്ങൾ, ഊർജ സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ എന്നീ വിഷയങ്ങളിൽ പ്രത്യേക ഉച്ചകോടികളുമുണ്ടാകും.

പത്തിലധികം സുപ്രധാന പ്രഖ്യാപനങ്ങൾ ഇതിലുണ്ടാകും. ലോകത്തെ പ്രമുഖ രാഷ്ട്ര നേതാക്കളും വ്യവസായ പ്രമുഖരും ചിന്തകരും നൊബേൽ സമ്മാന ജേതാക്കളും സിഇഒമാരും ഉച്ചകോടിയിൽ സംസാരിക്കും. ഇന്ത്യയിൽ നിന്നും വ്യവസായ പ്രമുഖൻ എംഎ യൂസുഫലി സമ്മേളനത്തിലെ പ്രധാന പ്രഭാഷകനാണ്. ഉച്ചകോടിയുടെ മീഡിയ പാർടണറായ മീഡിയവണിന്റെ സിഇഒ റോഷൻ കക്കാട്ടും സമ്മേളനത്തിൽ സംസാരിക്കും.

Similar Posts