Saudi Arabia
ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് പ്രൗഢ്വോജ്ജ്വല തുടക്കം
Saudi Arabia

ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് പ്രൗഢ്വോജ്ജ്വല തുടക്കം

Web Desk
|
24 Oct 2023 6:30 PM GMT

ദക്ഷിണ കൊറിയൻ പ്രസിഡൻ്റ് യൂൻ സുക്-യോൾ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു

റിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവിന് സൗദി കിരീടാവകാശിയുടെ സാന്നിധ്യത്തിൽ പ്രൗഢ്വോജ്ജ്വല തുടക്കം. ദക്ഷിണ കൊറിയൻ പ്രസിഡൻ്റായിരുന്നു മുഖ്യാതിഥി. ഇന്ത്യൻ വ്യവസായ മന്ത്രിയും നിക്ഷേപകരുമടക്കം നിരവധി പേർ എഫ്.ഐ.ഐയിൽ പങ്കാളിയായി. മീഡിയവണാണ് ഇനീഷ്യേറ്റീവിന്റെ ഇന്ത്യയിൽ നിന്നുള്ള മാധ്യമ പങ്കാളി.

'മനുഷ്യകുലത്തിന് വേണ്ടി നിക്ഷേപിക്കുക' എന്ന തലക്കെട്ടോടെയാണ് എഫ്.ഐ.ഐ പ്രവർത്തിക്കുന്നത്. ഗസ്സ ഉൾപ്പെടെയുള്ള വിഷയം സാമ്പത്തിക രംഗത്ത് പ്രതിഫലിക്കുമെന്ന് സമ്മേളനത്തിൽ സംസാരിച്ച സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. സൗദിയുടെ സാമ്പത്തിക ദിശനിർണയിക്കുന്ന സുപ്രധാന സമ്മേളനമാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ്. ലോക സാമ്പത്തിക ഫോറത്തിന് സമാനമായി ഏഷ്യയിൽ നടക്കുന്ന ഏറ്റവും വലിയ നിക്ഷേപ സമ്മേളനം. റിയാദിലെ റിറ്റ്‌സ് കാൾട്ടണിലെ വ്യത്യസ്ത വേദികളിൽ 140 സെഷനുകളിലായാണ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് അരങ്ങേറുന്നത്. സമ്മേളനത്തിന്റെ ആദ്യ ദിനം സൗദി കിരീവകാശി മുഹമ്മദ് ബിൻ സൽമാനും പങ്കെടുത്തു. ദക്ഷിണ കൊറിയൻ പ്രസിഡണ്ട് യൂൻ സുക്-യോൾ മുഖ്യാതിഥിയായി കിരിടീവകാശിക്കൊപ്പം വേദിയിലെത്തി.

ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാര ബന്ധം പുതിയ തലങ്ങളിലേക്ക് വളരുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡണ്ട് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ഊർജ രംഗത്തെ മാറ്റം, സാമ്പത്തിക രംഗത്തെ പ്രതിസന്ധികൾ എന്നിവ വിവിധ സെഷനുകളിലായി ചർച്ച ചെയ്യും. ഇന്ത്യൻ വ്യവസായ മന്ത്രി പിയൂഷ് ഗോയലും സമ്മിറ്റിൽ സംസാരിക്കുന്നുണ്ട്. ലോക രാഷ്ട്രങ്ങളിലെ തലവന്മാരും സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും ഉച്ചകോടിയുടെ ഭാഗമാകും.

Similar Posts