Saudi Arabia
ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം; ഖനന മേഖലയെ സംബന്ധിച്ച സമഗ്ര പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു
Saudi Arabia

ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം; ഖനന മേഖലയെ സംബന്ധിച്ച സമഗ്ര പരിപാടിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു

ഹാസിഫ് നീലഗിരി
|
5 Jan 2022 7:32 AM GMT

സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത ആദ്യ ഫ്യൂച്ചര്‍ മിനറല്‍ ഫോറം ജനുവരി 11 മുതല്‍ 13 വരെ റിയാദിലാണ് നടക്കുന്നത്

റിയാദ്: വ്യവസായ ധാതു വിഭവശേഷി മന്ത്രാലയം സംഘടിപ്പിക്കുന്ന ആദ്യ ഫ്യൂച്ചര്‍ മിനറല്‍ ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആഗോള ഖനന വ്യവസായം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, അവസരങ്ങള്‍, മറ്റു മേഖലകള്‍ എന്നിവ വിശകലനം ചെയ്യുന്ന ആഗോള ഇവന്റിന്റെ വിശദവിവരങ്ങളാണ് പുറത്തുവിട്ടത്. ജനുവരി 11 മുതല്‍ 13 വരെ റിയാദിലെ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

സൗദി മന്ത്രിമാരും പ്രാദേശിക, അന്തര്‍ദേശീയ ഖനന വ്യവസായത്തിലെയും അനുബന്ധ മേഖലകളിലെയും പ്രതിനിധികളും 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2,000ലധികം വിദഗ്ധരും 150 ലധികം ആഗോള നിക്ഷേപകരും നിരവധി മേഖലകളിലെ ഉന്നത ഉദ്യോഗസ്ഥരും കോണ്‍ഫറന്‍സിന്റെ ഭാഗമാകും.




ജനുവരി 11ന് ആരംഭിക്കുന്ന ഫോറത്തിന്റെ ആദ്യദിവസം, ക്ഷണിക്കപ്പെട്ട അഥിതികള്‍ മാത്രം പങ്കെടുക്കുന്ന വട്ടമേശ സമ്മേളനം നടക്കും. ഖനന വ്യവസായത്തിന്റെ ഭാവിയെ സംബന്ധിച്ച നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നിക്ഷേപ ആകര്‍ഷണം, ഖനനത്തില്‍ സാങ്കേതികവിദ്യയുടെ പങ്ക്, പരിസ്ഥിതി-സാമൂഹിക-ഭരണ മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ വര്‍ക്ക്ഷോപ്പുകളും പാനല്‍ ചര്‍ച്ചകളും കൂടാതെ 'മൈനിങ് ഇന്‍ എ ഡേ' ശില്‍പശാലയും അന്ന് നടക്കുന്നുണ്ട്.

രണ്ടാം ദിവസമായ ജനുവരി 12ന് സൗദി വ്യവസായ ധാതു വിഭവശേഷി മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ ഖൊറായിഫിന്റെ മുഖ്യ പ്രഭാഷണത്തോടെ ജനറല്‍ ഫോറം ആരംഭിക്കും. അതിനു ശേഷം ഷോകേസിങ് ടെക്നോളജി ആന്റ് ഇന്നൊവേഷന്‍-സപ്പോട്ടിങ് മൈനിങ് ഓഫ് ദ ഫ്യൂച്ചര്‍ എന്ന പേരില്‍ സ്മാര്‍ട്ട് മൈനിങ് സെഷനും സംഘടിപ്പിക്കും.




ഫോറത്തിന്റെ അവസാന ദിവസമായ ജനുവരി 13 ന്, ഖനന വ്യവസായ അവസരങ്ങളുടെ മേഖലയായി കണക്കാക്കപ്പെടുന്ന കോംഗോ മുതല്‍ കിര്‍ഗിസ്ഥാന്‍ വരെയുള്ള സുപ്രധാന മേഖലയെ സംബന്ധിച്ചുള്ള വിശദ വിശകലനങ്ങള്‍ നടക്കും. തുടര്‍ന്ന് ആഗോള നിക്ഷേപ അവസരങ്ങളെയും നിക്ഷേപ മൂലധനത്തെയും സംബന്ധിച്ച് പ്രൈം-ടൈം സെഷനും മറ്റു നിരവധി സെഷനുകളും ഔദ്യോഗികതല ചര്‍ച്ചകളും സംഘടിപ്പിക്കും. സല്‍മാന്‍ രാജാവിന്റെ രക്ഷാകര്‍തൃത്വത്തിലാണ് ആദ്യത്തെ ഫ്യൂച്ചര്‍ മിനറല്‍ ഫോറം നടക്കുന്നത്.

എന്തു കൊണ്ട് ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം..?

സൗദി വ്യവസായ, ധാതു വിഭവശേഷി മന്ത്രാലയം വിളിച്ചുചേര്‍ത്ത ആദ്യത്തെ ഫ്യൂച്ചര്‍ മിനറല്‍ ഫോറം ജനുവരി 11 മുതല്‍ 13 വരെ റിയാദിലാണ് നടക്കുന്നത്.

കോംഗോ മുതല്‍ കിര്‍ഗിസ്ഥാന്‍ വരെ 9,000 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന സുപ്രധാന മേഖലയുടെ ഭാവി രൂപപ്പെടുത്താന്‍ സര്‍ക്കാരുകളും നിക്ഷേപകരും പര്യവേക്ഷകരും ഖനിത്തൊഴിലാളികളും മറ്റ് ഖനന വ്യവസായ പ്രമുഖരും ഒത്തുചേരുന്ന ഒരു ഏകജാലക കേന്ദ്രമാണ് ഫോറത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

ഖനനത്തിന്റെ ഭാവി രൂപപ്പെടുത്തുക, ഖനന ശൃംഖലയിലുടനീളമുള്ള നിക്ഷേപകരുമായും ബിസിനസ്സ് ഭീമന്മാരുമായും നയരൂപീകരണം നടത്തുക, മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക-ഏഷ്യ എന്നിവിടങ്ങളിലെ ഖനന അധികാരപരിധികളുടെ രൂപീകരണവും വികസനവും, തുടങ്ങിയവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.




ഭാവിയിലെ ആഗോള കാര്‍ബണ്‍ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതനായി, ഉപയോഗിക്കപ്പെടാത്ത ധാതു നിക്ഷേപം ധാരാളമുള്ള വിശാല പ്രദേശങ്ങളെ വേണ്ടവിധം ഉപയോഗിക്കുക, ഖനന മേഖലകളിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നിവയെല്ലാമാണ് ഫോറത്തിന്റെ ദൗത്യം.

ഖനന സാധ്യതകളുടെ പുനര്‍രൂപകല്‍പ്പന, മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍, ഖനനമേഖലയില്‍നിന്ന് സമൂഹത്തിനു നല്‍കേണ്ട സംഭാവന എന്നീ മൂന്ന് തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഫ്യൂച്ചര്‍ മിനറല്‍സ് ഫോറം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Similar Posts