ഉംറക്കെത്തുന്നവർക്ക് ഇനി മുതൽ ഗോൾഫ് കാർട്ടുകളുടെ സേവനവും ലഭ്യമാകും
|50 ഗോൾഫ് കാർട്ടുകളാണ് ഹറമിൽ സജ്ജീകരിച്ചിട്ടുള്ളത്
ജിദ്ദ: മക്കയിൽ ഉംറക്കെത്തുന്നവർക്ക് ഇനി മുതൽ ഗോൾഫ് കാർട്ടുകളുടെ സേവനങ്ങളും ലഭ്യമാകും. അംഗപരിമിതർക്കും മറ്റു ശാരീരക പ്രയാസങ്ങളനുഭവിക്കുന്നവർക്കും ഇനി എളുപ്പത്തിൽ ത്വാവാഫ് കർമ്മം പൂർത്തിയാക്കാം.മസ്ജിദുൽ ഹറമിന്റെ മേൽക്കൂരയിലാണ് ഇത് സജ്ജീകരിച്ചിട്ടുളളത്.
റമദാനിൽ ഉംറക്കെത്തുന്ന തീർഥാടകർക്ക് കഅബക്ക് ചുറ്റും ത്വവാഫ് അഥവാ പ്രദിക്ഷിണം ചെയ്യുന്നതിന് വേണ്ടിയാണ് ഗോൾഫ് കാർട്ടുകളുടെ സേവനം ആരംഭിച്ചത്. അംഗപരിമിതരായ ആളുകൾക്കും വാർധക്യം കൊണ്ടോ മറ്റോ ശാരീരിക പ്രയാസങ്ങളനുഭവിക്കുന്നവർക്കും ഇതിൻ്റെ സേവനം പ്രയോജയപ്പെടുത്താമെന്ന് ഇരു ഹറം പരിപാലന അതോറിറ്റി അറിയിച്ചു. 50 ഗോൾഫ് കാർട്ടുകളാണ് ഹറമിൽ സജ്ജീകരിച്ചിട്ടുള്ളത്.
ഓരോന്നിലും ഒരേ സമയം പത്ത് തീർഥാടകർക്ക് വീതം യാത്ര ചെയ്യാം. മസ്ജിദുൽ ഹറമിൻ്റെ മേൽക്കൂരയിലാണ് ഇത് സജ്ജീകരിച്ചിട്ടുള്ളത്. അജിയാദ് എസ്കലേറ്ററുകൾ, കിംഗ് അബ്ദുൽ അസീസ് ഗേറ്റ് എലിവേറ്ററുകൾ, ഉംറ ഗേറ്റ് എലിവേറ്ററുകൾ എന്നിവയിലൂടെ മേൽക്കൂരയിൽ ഗോൾഫ് കാർട്ടുകൾ സജ്ജീകരിച്ചിരിക്കുന്ന സ്ഥലത്തെത്താൻ കഴിയും. ഉംറക്കെത്തുന്ന ശാരീരിക പ്രയാസങ്ങളനുഭവിക്കുന്നവർക്ക് ഇതിൽ കയറി ത്വവാഫ് പൂർത്തിയാക്കാൻ സാധിക്കും.
എല്ലാ ദിവസവും വൈകുന്നേരം 4:00 മുതൽ പുലർച്ചെ 4:00 വരെ 12 മണിക്കൂറാണ് ഗോൾഫ് കാർട്ടിൻ്റെ പ്രവർത്തന സമയം. തവാഫ് ചെയ്യുന്നതിന് മാത്രമാണ് ഈ സേവനം ലഭിക്കുക. മൂല്യവർധിത നികുതി ഉൾപ്പെടെ ഒരാൾക്ക് 25 റിയാൽ ആണ് ഇതിന് ഈടാക്കുകയെന്നും അതോറിറ്റി അറിയിച്ചു. സഫ മർവ കുന്നുകൾക്കിടയിൽ സഅയ് കർമം പൂർത്തിയാക്കുന്നതനായി ഇലക്ട്രിക് സ്കൂട്ടറുകൾ നേരത്തെ തന്നെ ലഭ്യമാണ്. ത്വവാഫ് കർമ്മം പൂർത്തിയാക്കിയവർക്ക് ഇലക്ട്രിക് സ്കൂട്ടറുകളിൽ സഅയ് പൂർത്തിയാക്കാനാകും.