സൗദിയിൽ വീണ്ടും ഫോർമുല വൺ; രണ്ടാമത് സൗദി ഗ്രാന്‍റ് പ്രി ഞായറാഴ്ച
|നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റിയന്‍ വെറ്റല്‍ ഇത്തവണ സൌദി ഗ്രാന്‍റ് പ്രിയിൽ പങ്കെടുക്കാനുള്ള സാധ്യതയില്ല
സൗദിയിലെ ജിദ്ദയിൽ വീണ്ടും ഫോർമുല വൺ മത്സരം അരങ്ങേറുന്നു. ഞായറാഴ്ചയാണ് രണ്ടാമത് ഗ്രാൻ്റ് പ്രി മത്സരം. അന്നേ ദിവസം ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന ആവേശകരമായ ആദ്യ സൌദി ഗ്രാന്‍റ് പ്രിയുടെ അലയൊലികളടങ്ങും മുമ്പ് തന്നെ ജിദ്ദയിലെ കോർണീഷ് സർക്യൂട്ടിൽ വീണ്ടും ഫോർമുല വണ്‍ അരങ്ങേറുകയാണ്. ഇന്നാണ് രണ്ടാമത് ഗ്രാന്‍റ് പ്രിയുടെ പരിശീലന സെഷൻ. ശനിയാഴ്ച യോഗ്യതാ റൌണ്ട് മത്സരവും നടക്കും. ഞായറാഴ്ച രാത്രി പത്തര മണിക്ക് നിശാ റൈസ് ആരംഭിക്കും.
കോവിഡ് മൂലമുള്ള ശാരീരിക പ്രയാസങ്ങൾ വിട്ടുമാറിയിട്ടില്ലാത്തതിനാൽ, നാല് തവണ ലോക ചാമ്പ്യനായ സെബാസ്റ്റിയന്‍ വെറ്റല്‍ ഇത്തവണ സൌദി ഗ്രാന്‍റ് പ്രിയിൽ പങ്കെടുക്കാനുള്ള സാധ്യതയില്ല. കഴിഞ്ഞയാഴ്ച ബഹ്‌റൈനില്‍ നടന്ന ഗ്രാൻ്റ് പ്രിയിൽ വെറ്റല്‍ പങ്കെടുത്തിരുന്നില്ല. ആസ്റ്റണ്‍ മാര്‍ടിന്‍ ടീമിനു വേണ്ടി നികൊ ഹള്‍കന്‍ബര്‍ഗാണ് മത്സരിച്ചത്. നിലവിലെ ലോക ചാമ്പ്യന്‍ മാക്‌സ് വെര്‍സ്റ്റാപ്പന് ബഹ്‌റൈനില്‍ റെയ്‌സ് പൂര്‍ത്തിയാക്കാനും സാധിച്ചിരുന്നില്ല. ഫെരാരിയുടെ ചാള്‍സ് ലെക്ലാര്‍ക്കും, കാര്‍ലോസ് സയ്ന്‍സും, ലൂയിസ് ഹാമില്‍ടണുമായിരുന്നു ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഫോർമുല വണ്‍ മത്സരത്തിനായി വൻ സജ്ജീകരണങ്ങളാണ് ജിദ്ദയിൽ ഒരുക്കിയിട്ടുള്ളത്. സൌജന്യ ഷട്ടിൽ ബസ് സർവ്വീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. നിശാ റൈസ് നടക്കുന്ന ഞായറാഴ്ച ജിദ്ദയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.