ഗൾഫ് മാധ്യമം ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് ഒക്ടോബർ നാലിന് തുടക്കമാകും
|ബോളിവുഡ് ഗായകൻ സൽമാൻ അലി, കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവർ നയിക്കുന്ന കലാ പരിപാടികൾ ഫെസ്റ്റിൽ അരങ്ങേറും
റിയാദ്: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിന് ഒക്ടോബർ നാലിന് തുടക്കമാകും. ഇന്തോ, സൗദി സാംസ്കാരിക മഹോത്സവമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ അങ്കണമാണ് വേദി. ബോളിവുഡ് ഗായകൻ സൽമാൻ അലി, കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി തുടങ്ങിയവർ നയിക്കുന്ന കലാ പരിപാടികളും അരങ്ങേറും.
ഗൾഫ് മാധ്യമത്തിന്റെ ഇരുപത്തി അഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ നാല്, അഞ്ച് തീയതികളിലായാണ് ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റ് അരങ്ങേറുക. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ കാമ്പസിലായിരിക്കും ഫെസ്റ്റ്. നിരവധി പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമാകുന്നത്. ബോളിവുഡ് ഗായകൻ സൽമാൻ അലി നയിക്കുന്ന ഇന്ത്യൻ സംഗീതമേളയായ താൽ, മലയാളി താരം കുഞ്ചോക്കോ ബോബൻ നയിക്കുന്ന വൈബ്സ് ഓഫ് കേരള, തുടങ്ങി നിരവധി പരിപാടികളാണ് പ്രവാസികൾക്കായൊരുങ്ങുന്നത്.
ഫുഡ് കോർണർ, പ്രോപ്പർട്ടി ഷോ, ട്രേഡ് എക്സ്പോ, കുട്ടികൾക്കും മുതിർന്നവർക്കുമായി ലിറ്റിൽ ആർട്ടിസ്റ്റ് ഡ്രോയിങ് ആൻഡ് പെയിൻറിങ്, സിങ് ആൻഡ് വിൻ മത്സരങ്ങൾ എന്നിവ ഫെസ്റ്റിന്റെ ഭാഗമാകും. വെള്ളിയാഴ്ചയായിരിക്കും താൽ അരങ്ങേറുക. സൽമാൻ അലിയുടെ ബാൻഡിനോടൊപ്പം ഭൂമിക, രചന ചോപ്ര, സൗരവ്, ഷെറിൻ എന്നീ ഗായകരും അണിനിരക്കും. ശനിയാഴ്ച സംഘടിപ്പിക്കുന്ന വൈബ്സ് ഓഫ് കേരളയിൽ കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസി, മുഹമ്മദ് റംസാൻ, മിഥുൻ രമേശ് തുടങ്ങിയവർ അണിനിരക്കും. വൈകുന്നേരം മൂന്ന് മണി മുതൽ സന്ദർശകർക്ക് ഫെസ്റ്റിലേക്ക് പ്രവേശിക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്കായിരിക്കും പ്രവേശനം അനുവദിക്കുക.