ഗൾഫ് മാധ്യമം 'റിയാദ് ബീറ്റ്സിന്' നാളെ അരങ്ങേറ്റം
|ഗൾഫ് മാധ്യമവും മീ ഫ്രണ്ടും ചേർന്നാണ് പരിപാടി ഒരുക്കുന്നത്
റിയാദ്: ഗൾഫ് മാധ്യമം സൗദിയിലെ റിയാദിൽ ഒരുക്കുന്ന റിയാദ് ബീറ്റ്സിന് നാളെ തുടക്കമാകും. റിയാദ് മലസിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ റൂഫ് അറീനയാണ് വേദി. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി കലാകാരന്മാരും റിയാദിലെത്തി. വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന പരിപാടിക്ക് റിയാദ് ഒരുങ്ങിക്കഴിഞ്ഞു.
തെന്നിന്ത്യൻ സിനിമ താരം ഭാവനക്ക് പുറമെ രമേശ് പിഷാരടി, മിഥുൻ രമേശ്, വിധു പ്രതാപ്, ആൻ ആമി, ജാസിം ജമാൽ, അശ്വന്ത് അനിൽ കുമാർ, ശിഖ പ്രഭാകർ എന്നിവരാണ് കലോത്സവത്തിന്റെ അരങ്ങുണർത്തുന്നത്. റിയാദ് ബീറ്റ്സിലെ ഗായകരുടെ പാട്ടുകൾക്ക് നൃത്തച്ചുവട് വെക്കാൻ റിയാദിലെ സംഘവുമുണ്ടാവും. സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ അനുമതിയോടെ 'ഗൾഫ് മാധ്യമ'വും 'മീ ഫ്രൻഡ്' ആപ്പും ചേർന്നൊരുക്കുന്ന മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി.
മലസ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ റൂഫ് അറീനയിൽ വിശാലമേറിയ സ്റ്റേജ് സംവിധാനങ്ങൾ അവസാന മിനുക്കുപണികളിലാണ്. ഗൾഫ് മാധ്യമം കോഓഡിനേഷൻ കമ്മിറ്റിക്ക് കീഴിലും ലുലു ഔട്ട്ലെറ്റുകളിലും ടിക്കറ്റുകളുടെ അവസാനഘട്ട വിൽപനയും പുരോഗമിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ വേദിയുടെ പ്രവേശന കവാടങ്ങൾ തുറക്കപ്പെടും. വൈകീട്ട് 6.30 മുതലാണ് സ്റ്റേജ് ഷോക്ക് തുടക്കം കുറിക്കുക. വേദിക്കരികിലും ടിക്കറ്റ് കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.