ഹജ്ജിന് പരിസമാപ്തി; തീർഥാടകർ മക്കയില്‍നിന്ന് മടങ്ങിത്തുടങ്ങി
|ഹജ്ജ് വിജയകരമായിരുന്നുവെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ഹാജിമാരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി തീര്‍ഥാടകര്‍ മക്കയിൽനിന്ന് മടങ്ങിത്തുടങ്ങി. ഇത്തവണത്തെ ഹജ്ജ് വിജയകരമാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഒരു ഹാജിക്കും കോവിഡോ ലക്ഷണങ്ങളോ ഇല്ല. മലയാളികളടക്കം പകുതിയിലേറെ പേരും ഇന്ന് മക്കയിൽനിന്ന് മടങ്ങും. ബാക്കിയുള്ളവർ നാളെ കൂടി കല്ലേറ് കർമം നടത്തിയ ശേഷമാകും മടങ്ങുക.
ഹജ്ജിലെ പ്രധാന കർമങ്ങൾ അവസാനിച്ചതോടെ മിനാ താഴ്വരയിൽ പ്രാർത്ഥനയിൽ കഴിയുകയായിരുന്നു ഹാജിമാർ. ഇന്നത്തെ കല്ലേറ് കർമവും പൂർത്തിയാക്കി തീർഥാടകർ കഅ്ബക്കരികിലെത്തി. ഇവിടെ വിടവാങ്ങൽ ത്വവാഫ് പൂർത്തിയാക്കി. സന്ധ്യാസമയത്തുള്ള മഗ്‍രിബ് നമസ്കാരത്തിന് മുന്നോടിയായി ഹാജിമാർ മക്കയിൽനിന്ന് വിടവാങ്ങി.
ഇന്ന് പകുതിയിലേറെ ഹാജിമാർ മടങ്ങി. ബാക്കിയുള്ളവർ നാളെയേ മടങ്ങൂ. ഇവർക്ക് നാളെയും കല്ലേറ് കർമം നിർവഹിക്കണം. ഇതിനുശേഷം കഅ്ബയ്ക്ക് അരികിലെത്തി ത്വവാഫ് നിർവഹിച്ച് മടങ്ങും. ഹാജിമാരുടെ ലഗേജുകൾ വീടുകളില്‍ എത്തിക്കാൻ സൗദി പോസ്റ്റ് ഇത്തവണ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. 68 റിയാൽ അടയ്ക്കുന്നവർക്ക് മിനാ തമ്പുകളിൽനിന്ന് ലഗേജുകൾ വീട്ടിലെത്തിക്കുo. നാളെ മടങ്ങുന്ന ഹാജിമാർക്കും ബസ് സൗകര്യം തുടരും.