നിറഞ്ഞൊഴുകി മിനായിലെ താഴ്‌വര; ഹജ്ജിന് അർധവിരാമം കുറിച്ച് ഹാജിമാർ
|ഹജ്ജിൽ പങ്കെടുത്തത് പതിനെട്ടര ലക്ഷത്തോളം ഹാജിമാരാണെന്ന് സൗദി അറേബ്യ
ഹജ്ജിൽ പങ്കെടുത്തത് പതിനെട്ടര ലക്ഷത്തോളം ഹാജിമാരാണെന്ന് സൗദി അറേബ്യ. ഹജ്ജിൽ ഏറ്റവും തിരക്ക് പിടിച്ച കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും മിനായിൽ തിരികെയെത്തി. രാവിലെ മുസ്ദലിഫയിൽ നിന്നെത്തിയ ഹാജിമാർ ജംറയിൽ കല്ലേറ് നടത്തി. ശേഷം സംഘങ്ങളായി വന്ന് കഅ്ബയെ പ്രദക്ഷിണം ചെയ്തു. പെരുന്നാൾ ദിനമായ ഇന്ന് ഹാജിമാർക്ക് ബലി കർമവുമുണ്ടായിരുന്നു.
മൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും മിനായിലേക്കുള്ള വഴികൾ നിറഞ്ഞൊഴുകി.അറഫയിൽ നിന്നും വന്ന് മുസദലിഫയിൽ രാപ്പാർത്ത ഹാജിമാർ പുലർച്ചയോടെ പരന്നൊഴുകി. മിനായിൽ നിന്നും ജംറയിലേക്കുള്ള വഴികൾ വീർപ്പു മുട്ടി.പുതിയൊരു ജന്മത്തിലേക്ക് കടക്കുന്ന അള്ളാുഹുവിന്റെ അതിഥികൾ ജംറയിലെത്തി ജീവിതത്തിലെ പൈശാചിക ചിന്തകളെ കല്ലെറിഞ്ഞോടിച്ചു.
ജംറത്തുൽ അഖബ എന്ന സ്തൂപത്തിനരികിലാണ് ഹാജിമാർ ഇന്ന് കല്ലെറിഞ്ഞത്. കോവിഡ് കാലത്തിന് ശേഷം എണ്ണം കൊണ്ട് വീണ്ടും ഹജ്ജ് അതിന്റെ പൂർണതയിലെത്തിയ വർഷം. അത് ഹജ്ജിന്റെ വഴികളെലെല്ലാം ഒരിക്കൽ കൂടി കണ്ടു. ഇബ്രാഹീം നബിയുടെ ത്യാഗങ്ങൾ സ്മരിച്ചു കൊണ്ട് ഹാജിമാർ ബലി കർമവും നടത്തി. പിന്നീട് കഅ്ബക്കരികിലേക്കൊഴുകി.
കഅ്ബയുടെ മതാഫും മുറ്റങ്ങളുമെല്ലാം നിറഞ്ഞൊഴുകുന്ന കാഴ്ച. ഇതിന് ശേഷം ഹാജിമാർ മുടിമുറിച്ച് ഹജ്ജിന്റെ വെള്ളവസ്ത്രത്തിൽ നിന്നും ഹാജിമാർക്ക് ഒഴിവാകാം. ഇന്ന് ത്വവാഫ് നടത്താൻ കഴിയാത്തവർ വരും മണിക്കൂറുകളിലത് പൂർത്തിയാക്കും. ഹജ്ജിലെ ഏറ്റവും തിരക്ക് പിടിച്ച ദിനം വിടവാങ്ങുമ്പോൾ വിജയകരമായ ഒരു ഹജ്ജ് കാലം കൂടി പൂർത്തിയാകുന്നു.
ഇന്നത്തെ കർമങ്ങളെല്ലാം പൂർത്തിയാക്കിയ ഹാജിമാർക്ക് ഇനി വരുന്ന രണ്ട് ദിനങ്ങളിൽ കൂടി കല്ലേറ് കർമം ബാക്കിയുണ്ട്. അത് തീരും വരെ ഹാജിമാർ പ്രാർഥനകളോടെ തമ്പുകളിൽ തങ്ങും.