ഹജ്ജ്; മക്കയിലും മദീനയിലും വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന ശക്തമാക്കി
|തീർഥാടകർക്ക് അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുകയും വിലക്കയറ്റം തടയുകയുമാണ് ലക്ഷ്യം
ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേയും മദീനയിലേയും വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി. തീർഥാടകർക്ക് അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തുകയും വിലക്കയറ്റം തടയുകയുമാണ് ലക്ഷ്യം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. മക്കയിലും മദീനയിലും തീർഥാടകരുടെ എണ്ണം വർധിച്ചു തുടങ്ങിയതോടെയാണ് വാണിജ്യ വ്യാപാര സ്ഥാപനങ്ങളിൽ വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കിയത്.
ഇത് വരെ ഒരു ലക്ഷത്തി മുപ്പതിനായിരത്തോളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ഇവിടങ്ങളിൽ സാധനങ്ങളുടെ ലഭ്യത, ഗുണനിലവാരം, അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ സംഭരണം, വില നിലവാരം എന്നിവ ഉദ്യോഗസ്ഥർ പരിശോധിച്ചു. ഇതിൽ 11,000 ത്തോളം ഷോപ്പുകളും, സ്വർണവും വിലയേറിയ ലോഹങ്ങളും കല്ലുകളും വിൽക്കുന്ന 991 കടകൾ, 386 ഇന്ധന സ്റ്റേഷനുകളും ഉൾപ്പെടും. മക്കയിലേയും മദീനയിലേയും പുണ്യ സ്ഥലങ്ങളിലേയും ഉൽപ്പന്നങ്ങളുടെ വിതരണ സംവിധാനത്തെ കുറിച്ച് ദിവസേന റിപ്പോർട്ടുകൾ സമർപ്പിക്കുന്നുണ്ടെന്നും വിലക്കയറ്റവും വാണിജ്യ ലംഘനങ്ങളും തടയാൻ ശക്തമായ നിരീക്ഷണങ്ങളും പരിശോധനയും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.