കൊടും ചൂടിലും ഹറമിലേക്ക് ഒഴുകിയെത്തി വിശ്വാസികള്‍
|മക്ക മദീന ഹറമുകളിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയത് എട്ടു ലക്ഷം പേർ.
ഹാജിമാരാൽ നിറയുന്ന മക്ക മദീന ഹറമുകളിൽ വെള്ളിയാഴ്ച പ്രാർഥനക്കെത്തിയത് എട്ടു ലക്ഷം പേർ. ഇന്ത്യയില്‍ നിന്നുള്ള 35000 ഹാജിമാരും മക്കയിലെ മസ്ജിദുല്‍ ഹറമിലെത്തി. തിരക്ക് മുന്‍കൂട്ടി കണ്ട് പഴുതടച്ചായിരുന്നു സുരക്ഷാ ക്രമീകരണങ്ങള്‍.
ദുല്‍ഹജ്ജിന് തൊട്ടു മുന്‍പുള്ള അവസാന വെള്ളിയായ ഇന്ന് ഹറം സാക്ഷ്യം വഹിച്ചത് വലിയ തിരക്കാണ്. ഇന്ത്യയില്‍ നിന്നുള്ള 35000 ഹാജിമാരും മക്ക ഹറമിലെത്തി. മക്കയില്‍ ഹജ്ജ് മിഷന് കീഴില്‍ ഇവരെ എത്തിക്കാന്‍ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. അസീസിയ ഇന്ത്യൻ ഹജ്ജ് ക്യാമ്പിൽ നിന്ന് പുലര്‍ച്ചെ മുതല്‍ തീർത്ഥാടകർ നീങ്ങി തുടങ്ങി.
പതിനൊന്നു മണിയോടെ മുഴുവന്‍ ഹാജിമാരും ഹറമിലേക്കെത്തി. നാല്‍പത്തി മൂന്നിനും മുകളിലായിരുന്നു ഹറമില്‍ നിന്നു മടങ്ങുമ്പോള്‍ ചൂട്. നിര്‍ജലീകരണം കാരണം ചിലർക്ക് പ്രയാസങ്ങളുണ്ടായി. ചിലർ തളർന്നുവീണു. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഹാജിമാർക്ക് ജാഗ്രതാ നിർദേശമുണ്ട്. ഹാജിമാർക്ക് മെഡിക്കല്‍ സംവിധാനം നേരത്തെ സജ്ജമായിരുന്നു.
ബസ് സ്റ്റേഷനുകളിലടക്കം സേവനത്തിന് മലയാളി സംഘടനകളുടെ സജീവ സാന്നിധ്യമുണ്ട്. നൂറുകണക്കിന് ബസ്സുകളൊരുക്കിയാണ് ഹാജിമാരെ ഹറമിലേക്കും തിരിച്ചും എത്തിച്ചത്. നാലുമണിയോടെ മുഴുവൻ തീർഥാടകരും താമസ സ്ഥലത്ത് മടങ്ങിയെത്തി.