ഹജ്ജ് മുന്നൊരുക്കം പൂർത്തിയായി; മക്കയിലേക്ക് പ്രവേശന നിയന്ത്രണം
|ഇന്നു മുതലാണ് മക്കയിലേക്ക് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
മക്ക: ഹജ്ജ് മുന്നൊരുക്കത്തിന്റെ ഭാഗമായി മക്കയിലേക്ക് പ്രവാസികൾക്ക് അനുമതിയില്ലാതെ പ്രവേശിക്കാനാകില്ല. എന്നാൽ ഉംറയ്ക്കായും ജോലിക്കായും എത്തുന്നവർക്ക് ചെക്പോസ്റ്റിൽ പെർമിറ്റ് കാണിച്ച് മക്കയിലേക്ക് പ്രവേശിക്കാം. ഹജ്ജ് തീരും വരെ നിയന്ത്രണം തുടരും.
ഇന്നു മുതലാണ് മക്കയിലേക്ക് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്. ജോലി ആവശ്യാർഥം മക്കയിൽ പ്രവേശിക്കാൻ പ്രത്യേക പെർമിറ്റ് നേടിയവർ, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമയുള്ളവർ, ഉംറയ്ക്കായി പെർമിറ്റ് സ്വന്തമാക്കിയവർ, ഹജ് പെർമിറ്റുകൾ നേടിയവർ എന്നിവരെ മാത്രമാണ് ചെക്ക് പോസ്റ്റുകളിൽ നിന്ന് മക്കയിലേക്ക് കടത്തിവിടുക.
അല്ലാത്തവരെ ചെക്ക് പോസ്റ്റുകളിൽ നിന്ന് തിരിച്ചയയ്ക്കും. മക്കയിൽ പ്രവേശിക്കാനുള്ള പ്രത്യേക പെർമിറ്റിനുള്ള അപേക്ഷകൾ ജവാസാത്ത് ഡയറക്ടറേറ്റ് ഓൺലൈൻ ആയി സ്വീകരിച്ച് പെർമിറ്റുകൾ അനുവദിക്കും.
സൗദി കുടുംബങ്ങളിലെ ഗാർഹിക തൊഴിലാളികൾ, സൗദികളല്ലാത്ത കുടുംബാംഗങ്ങൾ, മക്കയിൽ ആസ്ഥാനമുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹജ്ജ് കാലത്ത് ജോലി ചെയ്യാൻ മക്കയിലേക്ക് പെർമിറ്റ് ലഭിച്ചവർ എന്നിവർക്ക് മക്കയിലേക്ക് പ്രവേശിക്കാം. എല്ലാ വർഷവും ശവ്വാൽ 25 മുതൽ ദുൽഹജ്ജ് പത്ത് വരെയുള്ള കാലത്ത് മക്കയിലേക്കുള്ള പ്രവേശനം ബന്ധപ്പെട്ട വകുപ്പുകൾ നിയന്ത്രിക്കാറുണ്ട്.