ഈ വർഷത്തെ ഹജ്ജ് സീസണ് തുടക്കമായെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രി
|ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷന്റെ സമാപനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് സീസണ് ഔദ്യോഗിക തുടക്കം കുറിച്ചത്.
റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണ് ഔദ്യോഗികമായി തുടക്കം കുറിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് അൽ റബീയ അറിയിച്ചു. എ.ഐ സാങ്കേതിക വിദ്യകളടക്കം ഉപയോഗിച്ച് ഏറ്റവും മികച്ച സേവനങ്ങളാണ് തീർഥാടകർക്ക് ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്ന് 1,75000 തീർഥാടകരാണ് ഇത്തവണ ഹജ്ജിനായി പുറപ്പെടുക.
ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ എക്സിബിഷന്റെ സമാപനത്തോടെയാണ് ഈ വർഷത്തെ ഹജ്ജ് സീസണ് ഔദ്യോഗിക തുടക്കം കുറിച്ചത്. നാല് ദിവസം നീണ്ടു നിന്ന പരിപാടിയിൽ ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുള്ള നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. സമ്മേളനത്തിന്റെ രക്ഷാകർതൃത്വത്തിന് സൗദി രാജാവിനും പരിപാടിയുടെ വിജയത്തിനായി പരിശ്രമിച്ചവർക്കും ഹജ്ജ്, ഉംറ മന്ത്രി നന്ദി അറിയിച്ചു.
പുണ്യ ഭൂമിയിലെത്തുന്ന വിശ്യാസികൾക്ക് ലോകോത്തര സേവനങ്ങളും സുരക്ഷയും ലഭ്യമാക്കുന്നതിനായി സൗദി വിഷൻ 2030-ന്റെ ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിക്കുന്നത്. തീർഥാടകരുടെ പാർപ്പിട സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക് സേവനങ്ങൾ യാത്രാ സൗകര്യങ്ങൾ, കാറ്ററിങ് സേവനങ്ങൾ, എന്നിവയിൽ ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കാൻ ഒന്നിലധികം കരാറുകളിലും സമ്മേളനത്തിൽ ഒപ്പുവെച്ചു.