ഹല ജിദ്ദക്ക് ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റി അനുമതി
|ജിദ്ദയിലെ ദി ട്രാക്കാണ് ഡിസംബർ ആറ്, ഏഴ് തിയ്യതികളിലായി നടക്കുന്ന പരിപാടിയുടെ വേദി
ജിദ്ദ: സൗദി അറേബ്യയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന ഹല ജിദ്ദക്ക് ജനറൽ എന്റർടെയ്‌മെന്റ് അതോറിറ്റിയുടെ അനുമതി ലഭിച്ചു. ജിദ്ദയിലെ ദി ട്രാക്കാണ് ഡിസംബർ ആറ്, ഏഴ് തിയ്യതികളിലായി നടക്കുന്ന പരിപാടിയുടെ വേദി. നൂറോളം കലാകാരന്മാർ പങ്കെടുക്കുന്ന ഹലാ ജിദ്ദയിൽ ഇരുപതോളം പരിപാടികളുണ്ടാകും. സൗദി അറേബ്യയിൽ ഒരു ഇന്ത്യൻ ടെലിവിഷൻ ചാനൽ ഒരുക്കുന്ന ഏറ്റവും വലിയ കാർണിവലായിരിക്കും ഹലാ ജിദ്ദ.
ഡിസംബർ ആറ്, ഏഴ് തിയ്യതികളിൽ ഉച്ച മുതൽ അർധ രാത്രി വരെ ആളുകൾക്ക് വിവിധ പരിപാടികൾ കാണുകയും അവയിൽ പങ്കെടുക്കുകയും ചെയ്യാം. തത്സമയ സമ്മാനങ്ങളും ഇതിനുണ്ടാകും. നയിക്കാൻ മുൻനിര ആങ്കർമാരായ മിഥുൻ രമേശ്, ജീവ, കലേശ് എന്നിവരെത്തും. കുഞ്ഞുങ്ങൾ, വിദ്യാർഥികൾ, ബാച്ചിലേഴ്‌സ്, കുടുംബങ്ങൾ എന്നിങ്ങിനെ എല്ലാ വിഭാഗക്കാർക്കുമുള്ള പരിപാടികൾ ഹലാ ജിദ്ദയിലുണ്ടാകും. രണ്ട് ദിവസവും ട്രന്റിങ് ഗാനങ്ങളുമായി സിനിമാ പിന്നണി ഗായകരെത്തും.
മലയാളികളുടെ പ്രിയങ്കരരായ ഷാൻ റഹ്‌മാൻ, സിത്താര, വിധുപ്രതാപ്, സച്ചിൻ വാര്യർ, മിഥുൻ ജയരാജ്, നിരഞ്ജ് സുരേഷ്, സയനോര ഫിലിപ്പ് എന്നിവർ ചേർന്ന് നയിക്കുന്ന ഉയിരേ ബാൻഡ് യുവജനങ്ങളെ ത്രസിപ്പിക്കും. മാപ്പിളപ്പാട്ടിന്റെ അലകളുമായി അനാർക്കലി മരക്കാർ, അഫ്‌സൽ, കണ്ണൂർ ശരീഫ്, രഹ്ന, ബാദുഷ, ദാന റാസിഖ് എന്നിവരുമെത്തും.
ഹിന്ദിയിലെ സൂപ്പർഷോ സരിഗമയിലെ താരങ്ങൾ അണിനിരക്കുന്ന ഗീത് മൽഹാറിനെ ശ്രേയ ജയദീപും വൈഷ്ണവുമാണ് നയിക്കുക. തമിഴിലെ പ്രസിദ്ധ പാട്ടുകാരനായ പ്രദീപ് കുമാറിന്റെ ബാൻഡും ഹലാ ജിദ്ദയിലുണ്ട്. ഒരു ദിവസം രണ്ട് ബാൻഡുകളെന്ന തോതിൽ രണ്ട് ദിവസത്തിനകം നാല് ബാൻഡുകളിലായി നൂറിനടുത്ത് പാട്ടുകാരും ലൈവ് ഓർകസ്ട്ര ടീമും ഹല ജിദ്ദയിൽ നിറയും.
കേരളത്തിലേയും സൗദിയിലേയും റസ്റ്റാറന്റുകളും നാടൻ രുചികളും ഒന്നിച്ചുചേരുന്ന മിഠായി തെരുവ് ഹലാ ജിദ്ദയിലുണ്ട്. പ്രവാസികൾക്ക് ഗൃഹാതുരത്വത്തിന്റെ പെരുന്നാൾ സമ്മാനിക്കുന്ന വിവിധ പരിപാടികൾ ഫുഡ്‌കോർട്ടിലുണ്ടാകും.
യുവജനങ്ങൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ചായിരുന്ന ഇവാൻ വുകുമനോവിച് പങ്കെടുക്കുന്ന സൂപ്പർ ഷൂട്ടൗട്ട്, താരങ്ങളെത്തുന്ന കമ്പവലി, വിവിധ നാടൻ കലാമത്സരങ്ങൾ എന്നിവയുണ്ടാകും. എല്ലാത്തിലും പ്രവാസികൾക്ക് രജിസ്‌ട്രേഷൻ മുഖേന ഭാഗമാകാം.
വിദ്യാർഥികൾക്കായി ചിത്രരചന, സംഗീത മത്സരം, ഫൺ സോൺ എന്നിവയും കുഞ്ഞുങ്ങൾക്കായി ഫൺസോണും ഉണ്ടാകും. വിദ്യാർഥികൾക്ക് ടിവി വാർത്ത വായിക്കാൻ അവസരം നൽകുന്ന യു.ആർ ഒൺ എയർ പരിപാടിയിലെ പ്രധാന ആകർഷണമാകും. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി ഷെഫ് പിള്ള മേൽനോട്ടം വഹിക്കുന്ന കുക്കറി ഷോ, മെഹന്ദി ഫെസ്റ്റ്, വിവിധ കലാ പരിപാടികൾ എന്നിവയും അരങ്ങിലെത്തും.
സൗദിയിലെ ബിസിനസ് രംഗത്ത് നേട്ടം സൃഷ്ടിച്ചവർക്കുള്ള പുരസ്‌കാരവും സമ്മാനിക്കും. ആഗോള ബ്രാൻഡുകളാണ് ഹലാ ജിദ്ദക്ക് പിന്തുണയുമായി രംഗത്തുള്ളത്. സ്റ്റാളുകളോടെ വിവിധ സ്ഥാപനങ്ങൾക്കും ഹലാ ജിദ്ദയുടെ ഭാഗമാകാം.
സൗദി മന്ത്രാലയത്തിലെ പ്രമുഖരും ഇന്ത്യൻ സമൂഹവും നിറയുന്ന ഹലാ ജിദ്ദയിലേക്ക് സൗദി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് പ്രവേശനം. ഒരു ദിവസത്തേക്ക് 12.50 റിയാൽ എന്ന തോതിൽ 25 റിയാൽ മാത്രമായിരിക്കും കുറഞ്ഞ പ്രവേശന ഫീസ്. ഇതു വഴി രണ്ട് ദിവസത്തെ ഇരുപതോളം പരിപാടികളിൽ പങ്കെടുക്കാം. സൗദിയിലെ വിവിധ സ്ഥാപനങ്ങൾ വഴിയും മീഡിയവൺ കോഡിനേറ്റർമാർ വഴിയും ടിക്കറ്റുകൾ ലഭ്യമാകും. റാകോ ഇവന്റ്‌സുമായി ചേർന്നാണ് മീഡിയവണിന്റെ ഹലാ ജിദ്ദാ സംഘാടനം.