ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകൾ വർധിപ്പിക്കുന്നു; 15 ലക്ഷത്തിലേറെ പേർക്ക് യാത്ര ചെയ്യാനാകും
|പ്രതിദിന സർവീസുകളുടെ എണ്ണം 126 ആയാണ് ഉയർത്തുക
ഈ വർഷം ഹജ്ജ് സീസണിൽ ഹറമൈൻ അതിവേഗ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം.പ്രതിദിന സർവീസുകളുടെ എണ്ണം 126 ആയാണ് ഉയർത്തുക.ഇതിലൂടെ ഹജ്ജ് സീസണിൽ 15 ലക്ഷത്തിലധികം പേർക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കും.
ഹജ്ജ് തീർഥാടകർക്കുള്ള യാത്ര സൌകര്യം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പ്രതിദിന സർവീസുകളുടെ എണ്ണം 126 ആയി വർധിപ്പിക്കുവാനുള്ള തീരുമാനം.ഹജ്ജ് സീസണിൽ മാത്രം മക്കക്കും മദീനക്കുമിടയിൽ 3400 ഓളം സർവീസുകൾ നടത്തും. ഇതോടെ ഈ സീസണിൽ 15 ലക്ഷത്തിലധികം പേർക്ക് യാത്ര ചെയ്യാൻ അവസരം ലഭിക്കും. മക്കക്കും മദീനക്കും ഇടയിലുള്ള എല്ലാ സ്റ്റേഷനുകളിൽ നിന്നും യാത്ര ചെയ്യാനാകും വിധമാണ് സർവീസ് ക്രമീകരിക്കുക.
ഹജ്ജ് സീസണുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി റെയില്‍വേ അതോറിറ്റി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് എഞ്ചിനിയർ റയാൻ അൽ-ഹർബി അറിയിച്ചു. ട്രെയിൻ സമയത്തിനനുസരിച്ച് മക്ക റെയിൽവേ സ്റ്റേഷനിൽ നിന്ന് ഹറമിലേക്കും തിരിച്ചും യാത്ര ചെയ്യാൻ ഷട്ടിൽ സർവീസുകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ റമദാൻ സീസണിൽ 80,000 ത്തിലധികം പേരാണ് ഹറമൈൻ അതിവേഗ ട്രെയിനിൽ യാത്ര ചെയ്തത്. 95 ശതമാനം കൃത്യത പാലിച്ചുകൊണ്ടായിരുന്നു സർവീസ്.