ഹറമൈൻ ട്രൈന്‍ യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ്; ജിദ്ദ-മക്ക യാത്രക്ക് 34 റിയാൽ മാത്രം.
|നിരക്കിളവ് റമദാനിൽ ഹറം പള്ളിയിലേക്ക് പോകുന്ന വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും
സൗദിയിൽ ഹറമൈൻ അതിവേഗ ട്രൈൻ സർവ്വീസ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. ജിദ്ദ-മക്ക യാത്രക്ക് 50 ശതമാനം മാത്രമേ ഈടാക്കുകയുള്ളുവെന്ന് ഹറമൈൻ എക്സ്പ്രസ് ട്രൈൻ കമ്പനി അറിയിച്ചു. നിരക്കിളവ് റമദാനിൽ ഹറം പള്ളിയിലേക്ക് പോകുന്ന വിശ്വാസികൾക്ക് ഏറെ ആശ്വാസമാകും.
മക്ക-മദീന അതിവേഗ ട്രൈൻ സർവീസുകളിലെ ജിദ്ദ-മക്ക യാത്രക്കും തിരിച്ചുള്ള യത്രക്കും മാത്രമാണ് നിരക്കിളവ് പ്രഖ്യാപിച്ചത്. ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള സ്റ്റേഷനും, മക്ക സ്റ്റേഷനും ഇടയിലുള്ള ഇക്കണോമി ക്ലാസ് യാത്രക്കാണ് ഇളവ് ലഭിക്കുക. ഈ യാത്രക്ക് യഥാർഥ നിരക്കിൻ്റെ അമ്പത് ശതമാനമായ 34 റിയാൽ മാത്രം നൽകിയാൽ മതി. മക്ക റെയിൽവേ സ്റ്റേഷനിൽ നിന്നും ഹറമിലേക്കുള്ള ബസ് യാത്ര ചാർജും ഇതിലുൾപ്പെടും.
മെയ് 1 വരെ ഈ ആനൂകൂല്യം തുടരുന്നതാണ്. റമദാനിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി തീർഥാടകരും വിശ്വാസികളും മക്കയിലെ ഹറം പള്ളിയിലേക്ക് പോകുവാനായി ജിദ്ദ വിമാനത്താവളത്തിലെത്താറുണ്ട്. ഇത്തരക്കാർക്ക് ഏറെ ആശ്വാസം പകരുന്നതാണ് നിരക്കിളവ്. റമദാൻ അവസാന പത്തിലേക്ക് പ്രവേശിക്കുന്നതോടെ ഹറം പള്ളിയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകും. അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ ട്രൈനുകളുൾപ്പെടുത്തി സർവ്വീസുകളുടെ എണ്ണം ഉയർത്തുവാനും നീക്കമുണ്ട്. നിലവിൽ ഏപ്രിൽ 30 വരെയാണ് ട്രൈനുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ഏപ്രിൽ 30 ന് ശേഷമുള്ള ഒരു ട്രൈനിലും ഇപ്പോൾ റിസർവേഷൻ ലഭ്യമല്ലെന്നും അധികൃതർ അറിയിച്ചു.