സൗദിയിലെ ഈന്തപ്പന തോട്ടങ്ങളിൽ വിളവെടുപ്പ്
|സൗദിയുടെ ഈന്തപ്പഴ വിപണിയിലെ 40 ശതമാനവും വിളവെടുക്കുന്നത് ബുറൈദയിലാണ്
ബുറൈദ: സൗദി അറേബ്യയിലെ ഈന്തപ്പന തോട്ടങ്ങളിൽ വിളവെടുപ്പ് തുടരുന്നു. മൂന്നരക്കോടി ഈന്തപ്പനകളുള്ള സൗദിയിൽ ഏറ്റവും കൂടുതൽ മരങ്ങളുള്ളത് ഖസീമിലാണ്. കൊടു ചൂടിൽ നിറയെ വെള്ളമെത്തിച്ചാണ് ഇവിടെ ഈന്തപ്പഴം വിളയിക്കുന്നത്. സൗദിയിൽ ഏറ്റവും കൂടുതൽ ഈന്തപ്പനകളുള്ളത് അൽ ഖസീം പ്രവിശ്യയിലാണ്. ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടവുമെല്ലാം നിലനിൽക്കുന്ന നാട്.
ഈന്തപ്പഴം കത്തുന്ന ചൂടിൽ വിരിയുന്ന പഴമാണ്. പക്ഷേ കൊടുംചൂടിൽ അതിൽ കായുണ്ടാകണമെങ്കിൽ ദിവസവും വെള്ളം വേണം. കേരളത്തിൽ തെങ്ങിന് തടം കെട്ടുന്നത് പോലെ ചെയ്ത് വെള്ളം നിറക്കണം. തോട്ടത്തിലൂടെ ഭൂമിക്കടിയിൽ സ്ഥാപിച്ച പൈപ് ലൈൻ വഴിയാണ് നിലവിൽ വെള്ളമെത്തിക്കുന്നത്. വെള്ളം കുറഞ്ഞാൽ വിളവ് തന്നെ കുറയും.
ഓരോ വർഷവും ഏപ്രിൽ മാസത്തോടെ കായ്കളുണ്ടാകും. ജൂണിൽ കൊടും ചൂടിലേക്ക് കടക്കുന്നതോടെ പാകമാകും. ജൂലൈ മാസം അവസാനത്തോടെ വിളവെടുപ്പിനും തുടക്കമാകും. ഇനി ഒരു മാസത്തിനകം നല്ലൊരു ഭാഗവും വിളവെടുപ്പ് പൂർത്തിയാക്കും. ഇവ സൂക്ഷിച്ചുവെച്ചാണ് അടുത്ത ഒരു വർഷത്തേക്ക് ഉപയോഗിക്കുക. പണ്ട് ശീതീകരണ സംവിധാനമില്ലാത്തതിനാൽ ഉണക്കിയാണിവ സൂക്ഷിച്ചിരുന്നത്. യാത്ര ചെയ്യുന്നവർക്ക് ഭാരമില്ലാതെ ഇതു കൊണ്ടുപോകാനും കഴിയുമായിരുന്നു.
സൗദിയുടെ ഈന്തപ്പഴ വിപണിയിലെ 40 ശതമാനവും വിളവെടുക്കുന്നത് ബുറൈദയിലാണ്. സുക്കരി, മജ്ദൂൽ, ഖലാസ്, ബർഹി, സഖായി എന്നിവയാണ് ഇവിടെയുള്ള ഏറ്റവും ഡിമാന്റുള്ള ഇനങ്ങൾ. വലിപ്പം, രുചി എന്നിവക്കനുസരിച്ച് വില അമ്പത് റിയാൽ മുതൽ മുന്നൂറ് റിയാൽ വരെ എത്താറുണ്ട്. അതായത് ആയിരം രൂപ മുതൽ ആറായിരം രൂപ വരെ. സൗദിയിലെ എല്ലാ പ്രവിശ്യകളിലും ഈന്തപ്പഴമുണ്ടെങ്കിലും ഏറ്റവും വിലക്കൂടുതൽ ബുറൈദയിലെ ഇനങ്ങൾക്കാണ്.
ഇതെല്ലാം എത്തിക്കുന്നത് ബുറൈദയിലെ പുലർക്കാല സൂഖ് അഥവാ മാർക്കറ്റിലേക്കാണ്. പുലർച്ചെ മൂന്നരയോടെ തുടങ്ങി സൂര്യനുയരുമ്പോൾ അവസാനിക്കുന്ന സൂഖ്. ഒരു മാസം മാത്രം നീണ്ട് നിൽക്കുന്നതാണ് ഈ വ്യാപാര മേള.