Saudi Arabia
Heart attack, malayalee, saudi arebia
Saudi Arabia

സൗദിയിൽ മലയാളികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു

Web Desk
|
30 Jan 2023 6:20 PM GMT

12 മലയാളികളാണ് കഴിഞ്ഞ വർഷം മാത്രം അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്

കാലങ്ങളായി പ്രവാസികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ കൂടുതലാണ്. മരണപ്പെടുന്നവരിൽ നല്ലൊരു പങ്കും ചെറുപ്പക്കാരാണ്. ഭക്ഷണക്രമവും ഉറക്കവും ഇതിൽ പ്രധാനപങ്കു വഹിക്കുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. സൗദിയിൽ മലയാളികൾക്കിടയിൽ ഹൃദയാഘാത മരണങ്ങൾ വർധിക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അബഹ ഉൾപ്പെടെയുള്ള ഹൈറേഞ്ച് പ്രദേശങ്ങളിൽ കാലാവസ്ഥാ മാറ്റങ്ങളും ഭൂപ്രകൃതിയും ചിലപ്പോഴെങ്കിലും ഇതിന് കാരണമാകുന്നു. 12 മലയാളികളാണ് കഴിഞ്ഞ വർഷം മാത്രം അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്.

നാട്ടിൽ നിന്നും വ്യത്യസ്തമായി ഒന്നോ രണ്ടോ നേരത്ത് ഒന്നിച്ച് ഭക്ഷണം കഴിക്കും. ഡ്യൂട്ടി കഴിഞ്ഞെത്തിയാലുടൻ കിടന്നുറങ്ങും. വ്യായാമത്തിന്റെ കുറവ് പെട്ടെന്ന് ശരീരത്തിന്റെ ആന്തരിക ഘടനയിൽ തന്നെ മാറ്റം വരുത്തുന്നു. ഏറ്റവും ചുരുങ്ങിയത് ഇൻഷൂറൻസ് ഉപയോഗപ്പെടുത്തി ശാരീരിക പരിശോധനയെങ്കിലും നടത്തണമെന്നാണ് അബഹയിലെ മലയാളി ഡോക്ടർമാർ മുന്നറിയിപ്പ് നല്‍കുന്നത്.

അബഹയിലെ മൈ കെയർ ഉൾപ്പെടെയുള്ള ആശുപത്രികൾ പ്രവാസികൾക്കായി കുറഞ്ഞ നിരക്കിൽ പ്രത്യേക പാക്കേജ് തന്നെ നൽകുന്നുണ്ട്. തുടർചികിത്സ ആവശ്യമാകുന്നവർക്ക് നാട്ടിലും ചികിത്സ തുടരാം. വർഷത്തിലൊരിക്കലെങ്കിലും മെഡിക്കൽ പരിശോധന നടത്തുന്നത് രോഗ പ്രതിരോധത്തിനുള്ള മുന്നറിയിപ്പിന് സഹായിക്കുമെന്നാണ് ഡോക്ടർമാരുടെ പക്ഷം. ഒപ്പം തണുപ്പേറെയുള്ള സ്ഥലങ്ങളിൽ ശരീരത്തിന്റെ ചൂട് മതിയായ നിലയിൽ നിലനിർത്തുന്ന വസ്ത്രങ്ങളും ധരിക്കണം. അമിതമായി ശരീരത്തിന് തണുപ്പേൽക്കുന്നതും ഹൃദയത്തിന് പ്രയാസം സൃഷ്ടിക്കും.

Similar Posts