സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉഷ്ണ തരംഗം തുടങ്ങി: കാലാവസ്ഥാ കേന്ദ്രം
|രാവിലെ 11 മുതൽ ഉച്ച തിരിഞ്ഞ് മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളരുതെന്നു നിർദേശം
റിയാദ്: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഉഷ്ണ തരംഗം തുടങ്ങിയതായി കാലാവസ്ഥാ കേന്ദ്രം. ഒരാഴ്ച കനത്ത ചൂടും വിങ്ങലും അനുഭവപ്പെടും. താപനില 50 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. രാവിലെ 11 മുതൽ ഉച്ച തിരിഞ്ഞ് മൂന്ന് വരെ നേരിട്ട് വെയിൽ കൊള്ളരുതെന്നും നിർദേശമുണ്ട്.
സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റേതാണ് മുന്നറിയിപ്പ്. കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ, ദമ്മാം, ദഹ്റാൻ, ഹഫർ അൽ ബാതിൻ എന്നിവിടങ്ങളിലാകും കനത്ത ചൂട് അനുഭവപ്പെടുക. ചൂടുള്ള കാറ്റും ഇടക്കെത്തും. വിങ്ങൽ കൂടതലായി അനുഭവപ്പെടും. അടുത്തയാഴ്ച വരെ സ്ഥിതി തുടർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. ഖഫ്ജിയിലും വരും ദിനങ്ങളിൽ സമാന സ്ഥിതിയുണ്ടാകും.
ജനങ്ങളോട് വെള്ളം ധാരാളമായി ഉറപ്പാക്കാനും ഭക്ഷണത്തിൽ പഴ വർഗങ്ങൾ ഉറപ്പു വരുത്താനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ചൂടിൽ നേരിയ കുറവുണ്ടാകും. ദീർഘ ദൂര യാത്രക്കാർ മതിയായ വിശ്രമം ഉറപ്പാക്കണം. ചൂടേറിയതിനാൽ വാഹനത്തിന്റെ ടയർ, ഓയിൽ തുടങ്ങിയവയും മെച്ചപ്പെട്ടതെന്ന് ഉറപ്പാക്കണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മദീന, തബൂക്ക് തുടങ്ങിയ മേഖലകളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. കാറ്റിന് മണിക്കൂറിൽ 49കി.മീ വേഗതവരെയുണ്ടാകും. ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർക്ക് സിവിൽ ഡിഫൻസും മുന്നറിയിപ്പ് നൽകി.