സൗദിയിൽ വീണ്ടും ശക്തമായ മഴ: നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിൽ
|ശക്തമായ കാറ്റിൽ തബൂക്ക് പ്രവശ്യയിലെ ദുബായിൽ വൈദ്യുതി ടവറുകൾ നിലംപൊത്തി
സൗദിയിൽ വീണ്ടും ശക്തമായ മഴ. പടിഞ്ഞാറൻ മേഖലയിൽ പെയ്ത മഴയിൽ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മഴ നാളെയും തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
തബൂക്ക് മേഖലയിലും, ദുബാ അൽ-വാജ്, ഉംലുജ്, മദീന, യാമ്പു എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ഇന്ന് പെയ്തത്. തബൂക്ക് മേഖലയിലെ ചില തെരുവുകളിൽ മഴവെള്ളം കുത്തിയൊലിച്ചു. നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. റോഡുകളിൽ പാറക്കല്ലുകൾ വീണ് ഗാതാഗതം തടസ്സപ്പെട്ടു. മഴ മൂലം റോഡുകളിൽ വെള്ളം കയറിയതിനാൽ മദീന-അൽ ഉല റോഡ് ഇരു ദിശയിലേക്കും താൽക്കാലികമായി അടച്ചതായി റോഡ് സുരക്ഷ സേന അറിയിച്ചു. ഇത് വഴി പോകേണ്ട യാത്രക്കാർ അൽ ഉല - ഖൈബർ വഴി പോകണമന്നും സുരക്ഷ സേന വ്യക്തമാക്കി.
ശക്തമായ കാറ്റിൽ തബൂക്ക് പ്രവശ്യയിലെ ദുബായിൽ വൈദ്യുതി ടവറുകൾ നിലംപൊത്തി. ഇത് മൂലം വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. മഴ കുറഞ്ഞ പ്രദേശങ്ങളിൽ റോഡിലെ വെള്ളം വലിച്ചെടുത്തും മറ്റ് തടസ്സങ്ങൾ നീക്കം ചെയ്തും ഗതാഗതം പുനഃസ്ഥാപിക്കുവാൻ ശ്രമമാരംഭിച്ചിട്ടുണ്ട്. മഴ നാളെയും തുടരാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസും കാലാവസ്ഥ നിരീക്ഷണ വിഭാഗവും അറിയിച്ചു.