Saudi Arabia
സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു
Saudi Arabia

സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു

Web Desk
|
1 May 2024 5:04 PM GMT

റിയാദ്, ഖസീം, ഹാഇൽ, അസീർ ഉൾപ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു

റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. റിയാദ്, ഖസീം, ഹാഇൽ, അസീർ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ ലഭിച്ചു. രാജ്യത്ത് മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ കിഴക്കൻ പ്രവിശ്യയിൽ മഴ രാത്രിയിലും തുടരും. അസാധാരണമായ മഴയാണ് പലഭാഗത്തും എത്തിയത്. മക്ക പ്രവിശ്യയിലെ ജിദ്ദ ഒഴികെ ഹൈറേഞ്ചുകളിലെല്ലാം ഇന്ന് മഴ തിമർത്ത് പെയ്തു.

റിയാദിലും ഖസീമിനും പിന്നാലെ അസീറിലും കനത്ത മഴയെത്തി. തനൂമയുൾപ്പെടെ അസീറിന്റെ വിവിധ ഭാഗങ്ങളിൽ മലവെള്ളം കുത്തിയൊലിക്കുകയും ചെയ്തു. റിയാദിൽ നിന്നും മുന്നൂറ് കി.മീ അകലെയുള്ള ഖസീമിലെ ഉനൈസ ഉൾപ്പെടെ പലഭാഗത്തും ഇന്നലെ പെയ്ത മഴ വലിയ നാശമുണ്ടാക്കി. ആളപായമുണ്ടായില്ലെങ്കിലും നൂറു കണക്കിന് വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. ഇന്ന് വൈകുന്നേരത്തോടെ ചുഴലിക്ക് സമാനമായ കാറ്റും ഖസീമിലുണ്ടായി.

മക്ക പ്രവിശ്യയിലെ ജുമൂമിലും ത്വാഇഫിലെ ഉൾ പ്രദേശങ്ങളിലും കനത്ത മഴയെത്തി. പലഭാഗത്തും വാഹനങ്ങൾ ഒലിച്ചു പോയി. മക്ക പ്രവിശ്യയിലെ വാദി ഫാതിമയിൽ സമീപ കാലത്തെ ഏറ്റവും വലിയ മലവെള്ളപ്പാച്ചിലാണ് ഉണ്ടായത്.

റിയാദിലും കിഴക്കൻ പ്രവിശ്യയിലും മഴ രാവിലെ കനത്തിരുന്നു. ദമ്മാം ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ മഴ തുടരുന്നുണ്ട്. ഇന്ന് സൗദിയിലെ വിവിധ പ്രവിശ്യകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

ഇന്ന് രാത്രിയോടെ മഴക്ക് ശമനമാകുമെന്നാണ് റിപ്പോർട്ട്. നാളത്തെ കാലാവസ്ഥാ വിവരങ്ങൾ ഇന്ന് അർധരാത്രിയോടെ കാലാവസ്ഥാ കേന്ദ്രം പുറത്ത് വിടും.

Similar Posts