സൗദിയിൽ വീണ്ടും കനത്ത മഴ മുന്നറിയിപ്പ്
|അസീർ, അൽബഹ, ജീസാൻ, മക്ക തുടങ്ങിയ മേഖലകളിലാണ് മഴ മുന്നറിയിപ്പ്
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ചക്കകം വീണ്ടും കനത്ത മഴയെത്തുമെന്ന് മുന്നറിയിപ്പ്. അസീർ, അൽബഹ, ജീസാൻ, മക്ക തുടങ്ങിയ മേഖലകളിലാണ് മുന്നറിയിപ്പുള്ളത്. കിഴക്കൻ പ്രവിശ്യയിലേക്കും ചൊവ്വാഴ്ചക്കകം മഴയെത്തും.
മദീന, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മിതമായ തോതിലും മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച വരെ മക്കയിലടക്കം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നൽ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. നജ്‌റാൻ, മദീന, വാദി ദവാസിർ, അൽഖർജ്, ഹോത്ത ബനീ തമീം എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച വരെ സൗദിയിലെ ഹൈറേഞ്ചുകളിൽ റെഡ് അലേർട്ടും തുടരും. വാദികളിലെ മഴവെള്ളപ്പാച്ചിലിൽ സാഹസികതക്ക് മുതിരരുതെന്ന് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പുണ്ട്. നിയമം പാലിക്കാത്തവർക്ക് 1000 റിയാൽ വരെ പിഴ ഈടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യയിലേക്കും ചൊവ്വാഴ്ചക്കകം മഴയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും അധികൃതർ ആവശ്യപ്പെട്ടു.