അബഹയിൽ മലയോര കാർണിവൽ; പ്രവേശനം സൗജന്യം
|സൗദിയിലെ അസീറിലുള്ള ഏഴ് ഗ്രാമങ്ങളിൽ ഖിമാം എന്ന മലയോര കലാവിരുന്നുകൾക്ക് തുടക്കമായി. ഏഴ് ഗ്രാമങ്ങളിലാണ് ഇന്ത്യയടക്കം പതിനാല് രാജ്യങ്ങളുടെ കലാരൂപങ്ങൾ അരങ്ങേറുക. സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള പരിപാടികളിലേക്ക് സൗജന്യമാണ് പ്രവേശനം.
അബഹ വാക്വേയിൽ വിവിധ രാജ്യങ്ങളുടെ കലാ രൂപങ്ങൾ അണിനിരത്തിയുള്ള പ്രകടനത്തോടെയായിരുന്നു കാർണിവലിന് തുടക്കം. സൗദി സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ തിയറ്റർ ആന്റ് പെർഫോമിങ് ആർട്സ് കമ്മീഷന് കീഴിലാണ് പരിപാടി. അസീർ മേഖലയിലുടനീളമുള്ള ഏഴ് ഗ്രാമങ്ങളിലാണ് ഫെസ്റ്റിവൽ നടക്കുന്നത്.
കമ്മിഷൻ സംഘടിപ്പിക്കുന്ന കലോത്സവം ജനുവരി 27 വരെ തുടരും. ഇന്ത്യയിൽ നിന്നുള്ള കലാരൂപങ്ങളും സൗദിയിലെ ഈ ഫെസ്റ്റിൽ ഇടം പിടിച്ചു.
14 രാജ്യങ്ങൾക്ക് പുറമെ സൗദിയിലെ 16 നാടോടി സംഗീത നൃത്തങ്ങളും ഗ്രാമങ്ങളിലെ ഫെസ്റ്റിലുണ്ടാകും. ജനുവരി 27 വരെയുള്ള പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്.
ബസ്ത അൽ-ഖാബിൽ, അൽ-മസ്കിയിലെ അബു ഷഹ്റ കൊട്ടാരം, ഷംസാൻ കാസിൽ, ബിൻ അദ്വാൻ ഹെറിറ്റേജ് വില്ലേജ്, മാലിക് ഹിസ്റ്റോറിക്കൽ പാലസ്, അൽ-മുഷൈത് കൊട്ടാരങ്ങൾ, അബു നുകാത്ത അൽ-മുതാഹ്മി കോട്ടകൾ എന്നിവയാണ് ഏഴ് വേദികൾ.
ഓരോ നാടുകളിലേയും വിവാഹങ്ങൾ, ആഘോഷ ചടങ്ങുകൾ, പരമ്പരാഗത ഭക്ഷണം, വസ്ത്രങ്ങൾ എന്നിവ പരിചയപ്പെടാനും ഫെസ്റ്റിൽ അവസരമുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.