ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി ഐ.സി.എഫും ആർ.എസ്.സിയും 5000 വളണ്ടിയർമാരെ നിയോഗിക്കും
|കഴിഞ്ഞ വർഷം രണ്ടായിരത്തോളം വളണ്ടിയർമ്മാരെയാണ് നിയോഗിച്ചത്
ജിദ്ദ: ഹാജിമാർക്ക് സേവനം ചെയ്യുന്നതിനായി ഐ.സി.എഫും ആർ.എസ്.സിയും ഈ വർഷം 5000 വളണ്ടിയർമാരെ മക്കയിലും മദീനയിലും നിയോഗിക്കും. തീർഥാടകരെത്തി തുടങ്ങിയത് മുതൽ വളണ്ടിയർ സേവനം ആരംഭിച്ചിട്ടുണ്ട്. ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന ദിവസങ്ങളിൽ സേവനത്തിനായി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വളണ്ടിയർമാർ എത്തുമെന്ന് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രണ്ടായിരത്തോളം വളണ്ടിയർമാരായിരുന്നു കഴിഞ്ഞ വർഷം മക്കയിലും മദീനയിലും ഹാജിമാർക്ക് സേവനങ്ങൾ നൽകുന്നതിനായി ആർ.എസ്.സി, ഐ.സി.എഫ് എന്നിവക്ക് കീഴിൽ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഈ വർഷം ഐ.സി.എഫും ആർ.എസ്.സിയും സംയുക്തമായി ഹജ്ജ് വളണ്ടിയർ കോറിന് കീഴിൽ 5000 വളണ്ടിയർമാരെ സേവനത്തിനിറക്കാനാണ് തീരുമാനമെന്ന് നേതാക്കൾ ജിദ്ദയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തിയത് മുതൽ ജിദ്ദ, മദീന വിമാനത്താവളങ്ങളിലും താമസ സ്ഥലങ്ങളിലും സേവനങ്ങളുമായി വളണ്ടിയർമാർ പ്രവർത്തിച്ചുവരുന്നുണ്ട്. ദുൽഹിജ്ജ ഒമ്പതു മുതൽ അറഫ, മിന, മുസ്ദലിഫ, അസീസിയ, ബസ് സ്റ്റേഷനുകൾ, മെട്രോ റെയിൽ സ്റ്റേഷനുകൾ, ഹറം, അജിയാദ്, അസീസിയ, എന്നിവിടങ്ങളിലെല്ലാം മുഴുസമയവും വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കും. മെഡിക്കൽ വിദഗ്ധരെ ഉൾപ്പെടുത്തി കൊണ്ട് ഇത്തവണ പ്രത്യേക മെഡിക്കൽ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്.
കൂടാതെ വഴി തെറ്റുന്ന ഹാജിമാർക്ക് ടെന്റുകളിലേക്ക് വഴി കാണിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇത്തവണ പുറത്തിറക്കുമെന്നും നേതാക്കൾ പറഞ്ഞു. സയ്യിദ് ഹബീബ് അൽ ബുഖാരി, സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ, മുജീബ് എ.ആർ നഗർ, നൗഫൽ എറണാകുളം, സാദിഖ് ചാലിയാർ, സിറാജ് കുറ്റ്യാടി, ബഷീർ ഉള്ളണം, മൻസൂർ ചുണ്ടമ്പറ്റഎന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.