അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് തടവും പിഴയും നാട് കടത്തലും
|അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യുന്നതിനായി മക്കയിൽ പ്രവേശിക്കുന്നവർക്കും അതിന് സഹായിക്കുന്നവർക്കുമുള്ള ശിക്ഷ നടപടികളാണ് പരിഷ്‌കരിച്ചിരിക്കുന്നത്
അനുമതിയില്ലാതെ ഹജ്ജിനെത്തുന്നവർക്ക് ഇനിമുതൽ തടവും പിഴയും നാട് കടത്തലും. അനുമതിപത്രമില്ലാതെ ഹജ്ജ് ചെയ്യുന്നതിനായി മക്കയിൽ പ്രവേശിക്കുന്നവർക്കും അതിന് സഹായിക്കുന്നവർക്കുമുള്ള ശിക്ഷ നടപടികളാണ് പരിഷ്‌കരിച്ചിരിക്കുന്നത്. തീർത്ഥാടകർക്ക് പ്രയാസരഹിതമായി ഹജ്ജ് നിർവഹിക്കാൻ അവസമൊരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജിന് പത്ത് ദിവസം മുമ്പ് മുതൽ തന്നെ അനുമതി പത്രമില്ലാത്ത സൗദി പൗരന്മാർക്കും, ജി.സി.സി പൗരന്മാർക്കും മക്കയിലും പുണ്യ സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തും. മറ്റു രാജ്യങ്ങിൽ നിന്നുള്ളവർക്ക് ശവ്വാൽ 25 മുതൽ അഥവാ ഹജ്ജിന്റെ ഒന്നര മാസം മുമ്പ് തന്നെ പ്രവേശന വിലക്ക് പ്രാബല്യത്തിലാകും. എന്നാൽ തൊഴിൽ വാണിജ്യ ആവശ്യങ്ങൾക്കായി ജവാസാത്തിന്റെ പ്രത്യേക അനുമതി പത്രത്തോടെ പ്രവേശിക്കാവുന്നതാണ്.
പ്രവേശന വിലക്ക് പ്രാബല്യത്തിലാകുന്ന ദിവസം മുതൽ മിന, മുസ്ദലിഫ, അറഫ തുടങ്ങി ഹജ്ജ് കർമ്മങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവർക്ക് 15,000 റിയാൽ പിഴ ചുമത്തുകയും ആ വർഷം ഹജ്ജ് നിർവഹിച്ചതായി രേഖപ്പെടുത്തുകയും ചെയ്യും. മക്കയുടെ പ്രവേശന കവാടങ്ങളിൽ വെച്ചോ ഹറമൈൻ ട്രെയിൻ സ്റ്റേഷനിൽ വെച്ചോ പിടിക്കപ്പെട്ടാൽ 10,000 റിയാലാണ് പിഴ. തുടർന്നുള്ള വർഷങ്ങൽ ഇതേ കുറ്റം ആവർത്തിക്കുന്നവർക്ക് മുൻ വർഷങ്ങളിലെ പിഴയുടെ ഇരട്ടിയാണ് ചുമത്തുക. മൂന്നാം തവണയും ആവർത്തിച്ചാൽ ഒരു മാസം മുതൽ ആറ് മാസം വരെ തടവും ലഭിക്കും. അനധികൃത തീർത്ഥാടകർക്ക് യാത്ര സഹായം നൽകുന്നവർക്ക് 50,000 റിയാൽ പിഴയോ, ആറ് മാസം വരെ തടവോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. പിടിക്കപ്പെടുന്ന വിദേശികളെ തിരിച്ച് വരാനാകാത്ത വിധം നാട് കടത്തുകയും ചെയ്യും.
Imprisonment, fine and deportation for those who perform Hajj without permission